അഞ്ചൽ: ഉത്രയുടെ കൊലപാതകത്തിൽ പോലീസിനെതിരേ വനിതാ കമ്മിഷൻ. രണ്ടുതവണ പാമ്പുകടിയേറ്റ ഉത്രയുടെ മരണത്തിൽ സംശയത്തിന്റെ സാഹചര്യമുണ്ടായിരുന്നു, എന്നിട്ടും ഉത്രയുടെ മൃതശരീരം ദഹിപ്പിച്ചത് എന്തിനെന്ന് വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ ജോസഫൈൻ ചോദിച്ചു.

പോലീസ് ഉത്രയുടെ വീട്ടുകാർക്ക് സഹായകരമായ സമീപനമെടുക്കേണ്ടതായിരുന്നു. മാതാപിതാക്കളുടെ മൊഴിയനുസരിച്ച് അവർ ആദ്യമേ മകളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. ആ സംശയം പോലീസ് മുഖവിലയ്ക്കെടുത്തില്ല. സംഭവത്തിൽ അഞ്ചൽ സി.ഐ. കേസന്വേഷണത്തിൽ വീഴ്ചവരുത്തിയതിനെക്കുറിച്ച് അന്വേഷിക്കാൻ എസ്.പി.യോട് ആവശ്യപ്പെടും.

ആവശ്യമെങ്കിൽ അഞ്ചൽ സി.ഐ. നേരിട്ട് വനിതാ കമ്മിഷന്റെ മുന്നിൽ ഹാജരാകേണ്ടിവരുമെന്നും ജോസഫൈൻ പറഞ്ഞു. വനിതാ കമ്മിഷൻ അംഗങ്ങളായ എം.എസ്. താര, സിബി ശിവജി, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിനി സുരേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.