കൊട്ടാരക്കര: കൊല്ലപ്പെട്ട ദിവസം ഉത്രയ്ക്ക് മയക്കുമരുന്നു നൽകിയിരുന്നോയെന്ന് പോലീസ് പരിശോധിക്കുന്നു. അന്നേദിവസം ഭർത്താവ് സൂരജ് തയ്യാറാക്കിയ ജ്യൂസിൽ മയക്കുമരുന്ന് നൽകിയിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. അതുകൊണ്ടായിരിക്കാം പാമ്പുകടിച്ചത് ഉത്ര അറിയാതെപോയതെന്നും പോലീസ് കരുതുന്നു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം എത്തിയാലേ ഇക്കാര്യം വ്യക്തമാകൂ.

ഉത്രയുടെ ദേഹത്തേക്ക് പാമ്പിനെ കുടഞ്ഞിട്ടെന്നു സമ്മതിക്കുന്ന സൂരജ്, പാമ്പുകൊത്തുന്നതു കണ്ടില്ലെന്നും ചീറ്റുന്ന ശബ്ദംകേട്ടുവെന്നുമാണ് മൊഴി നൽകിയത്. അണലി കടിക്കുന്നതിനുംമുമ്പ് വീട്ടിൽ സ്റ്റെയർകെയ്‌സിന്റെ പടികളിൽ ഉത്ര കണ്ടുവെന്നു പറയുന്ന പാമ്പ് ചേരയായിരുന്നുവെന്നാണ് സൂരജ് പോലീസിനു നൽകിയ മൊഴി.