അടൂർ: ഉത്രയെ പാന്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സൂരജിനെ അടൂർ പറക്കോടുള്ള വസതിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ബുധനാഴ്ച രാവിലെ 11.30-നാണ് സൂരജുമായി പോലീസ് പറക്കോടെത്തിയത്.

ആദ്യം വീടിന്റെ സ്വീകരണ മുറിയിലും പിന്നീട് മുകളിലുള്ള കിടപ്പുമുറിയിലും ടെറസിലുമാണ് തെളിവെടുത്തത്. വീടിനുപുറത്ത് താറാവിനെയും കോഴിയെയും വളർത്തുന്ന സ്ഥലത്ത് സൂരജിനെ എത്തിച്ചും തെളിവെടുത്തു. ഇവിടെയുള്ള ഷെഡ്ഡിലാണ് സൂരജ്, ഉത്രയെ ആദ്യം കടിച്ച പാമ്പിനെ ഒളിപ്പിച്ചത്. ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടികളാണ് സൂരജ് നൽകിയതെന്ന് പോലീസ് പറഞ്ഞു.

സൂരജിനൊപ്പം പിടിയിലായ പാന്പ് പിടിത്തക്കാരൻ സുരേഷിനെയും പറക്കോടെത്തിച്ചു. നേരത്തേ ഒരു തവണ സുരേഷ് പാമ്പിനെ പിടിക്കാൻ ഈ വീട്ടിലെത്തിയതായി സൂചനയുണ്ടായിരുന്നു. മുന്പ് ഇവിടെ വന്നിട്ടുണ്ടെന്ന് സുരേഷ് അന്വേഷണസംഘത്തോട് വ്യക്തമാക്കി.

തെളിവെടുപ്പ് നടക്കുമ്പോൾ സൂരജിന്റെ മാതാപിതാക്കളും സഹോദരിയും വീട്ടിൽ ഉണ്ടായിരുന്നു. അമ്മയ്ക്ക് സൂരജിനെ കാണണം എന്ന ആവശ്യം അച്ഛൻ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യെ അറിയിച്ചു. ഇതനുസരിച്ച് അമ്മയെയും സഹോദരിയെയും സൂരജിനെ കാണിച്ചു.

പറക്കോട് എത്തുംമുന്പ് ഏനാത്തും തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെവെച്ചാണ് പാന്പിനെ സൂരജിന് സുരേഷ് കൈമാറിയതെന്ന് അന്വേഷണസംഘം പറയുന്നു. വീട്ടിലെ തെളിവെടുപ്പിനുശേഷം സൂരജ് ജോലിചെയ്തിരുന്ന അടൂരിലെ ധനകാര്യ സ്ഥാപനത്തിനുതാഴെയും പോലീസ് സംഘമെത്തി.

ഉത്രയുടെ സ്വർണം ലോക്കറിൽ സൂക്ഷിച്ച അടൂരിലെ ബാങ്കിൽ നടത്താനിരുന്ന തെളിവെടുപ്പ് മാറ്റി. പിന്നീട് പ്രതികളെയുംകൊണ്ട് പോലീസ് കൊട്ടാരക്കരയിലേക്ക് തിരികെപോയി. കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എ. അശോകന്റെ നേതൃത്വത്തിലാണ് പോലീസ് എത്തിയത്.

ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചെന്ന് സൂരജ്

തന്നെ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചതാണെന്ന് സൂരജ് ആരോപിച്ചു. പോലീസ് തന്നെ മർദിച്ചെന്നും ഉത്രയുടെ വീട്ടിൽനിന്ന് കണ്ടെത്തിയ പ്ലാസ്റ്റിക് കുപ്പി പോലീസ് കൊണ്ടിട്ടതാണെന്നും കുപ്പിയിൽ തന്റെ വിരലടയാളം ബലമായി പതിപ്പിച്ചുവെന്നും സൂരജ് ആരോപിച്ചു. തെളിവെടുപ്പ് കഴിഞ്ഞ് വീടിന് പുറത്തിറങ്ങവേയായിരുന്നു ഇത്.