എടപ്പാൾ: വി.വി. പാറ്റ് സംവിധാനമുപയോഗിച്ച് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിൽ പോളിങ് കംപാർട്ട്‌മെന്റ് ഒരുക്കൽ ശ്രമകരമാകും.

മതിയായ വെളിച്ചം ആവശ്യമുള്ള ബാലറ്റ് യൂണിറ്റ്, വെളിച്ചവും അമിതചൂടും താങ്ങാൻ പറ്റാത്ത വി.വി. പാറ്റ് യൂണിറ്റ് എന്നിവ ഒരേസ്ഥലത്ത് സ്ഥാപിച്ചാണ് കംപാർട്ട്മെന്റ് സജ്ജമാക്കേണ്ടത്. ഇക്കാര്യം മുൻകൂട്ടിക്കണ്ട് തിരുവനന്തപുരം ജില്ലാ കളക്ടറുടെ അപേക്ഷ പ്രകാരം ബൂത്തൊരുക്കാൻ 5,21,500 രൂപ തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചു. എന്നാൽ, മറ്റു ജില്ലകൾക്ക് നാമമാത്രമായ തുകയേ ലഭിക്കൂ എന്നാണ് വിവരം.

വി.വി. പാറ്റ് യന്ത്രം പെട്ടെന്ന് തകരാറിലാവാൻ സാധ്യതയുള്ളതുകൊണ്ട് പ്രകാശത്തിന്റെയും ചൂടിന്റെയും അളവ് ക്രമീകരിക്കണം. എട്ട് വാട്ടിന്റെ എൽ.ഇ.ഡി. ബൾബ് 20 അടി ഉയരത്തിൽ സ്ഥാപിക്കണമെന്നാണ് യന്ത്രവുമായെത്തിയ ഹൈദരാബാദിലെ വിദഗ്ധർ നൽകിയ നിർദേശം. ബാലറ്റ് യൂണിറ്റിലേക്ക് മതിയായ പ്രകാശം നൽകുന്നതോടൊപ്പം തുണി, കാർഡ് ബോർഡ് എന്നിവകൊണ്ട് ഈ പ്രകാശം വി.വി. പാറ്റിലേക്ക് വരാതെ നോക്കുകയും വേണം.

അമിത ചൂടോ പ്രകാശമോ ഇതിൽ പതിച്ചാൽ സ്‌ക്രീനിൽ വോട്ടുചെയ്ത വിവരം തെളിയാതാവുകയോ യന്ത്രം പ്രവർത്തനരഹിതമാകുകയോ ചെയ്യാം. ഇത് വോട്ടെടുപ്പ് തടസ്സപ്പെടുന്ന സാഹചര്യമുണ്ടാക്കും. ബൂത്തൊരുക്കാൻ നൽകുന്ന 1750 രൂപയിൽ വൈദ്യുതീകരണത്തിനായി 250 രൂപയാണ് അനുവദിച്ചിട്ടുള്ളത്.

മറ്റ് ജില്ലകൾ തുക ആവശ്യപ്പെട്ടിട്ടില്ല

മറ്റ് ജില്ലകളൊന്നും ഇത്തരമൊരാവശ്യമുന്നയിച്ചിട്ടില്ല. തിരുവനന്തപുരം ആവശ്യപ്പെട്ടപ്പോൾ അവർക്ക് തുക അനുവദിച്ചു. മറ്റ് ജില്ലാ കളക്ടർമാർക്ക് ഈ ചെലവ് കണ്ടെത്താൻ കഴിയുന്നതു കൊണ്ടായിരിക്കും ആവശ്യപ്പെടാതിരുന്നത്.

-സുരേന്ദ്രൻപിള്ള, അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ, തിരുവനന്തപുരം

content highlights: Use of VVPAT has made election process difficult