തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ എല്ലാമേഖലയും അശാസ്ത്രീയമായി അടച്ചിടുന്ന സർക്കാരിന്റെ സമീപനം കേരളത്തെ പട്ടിണിയിലേക്ക് തള്ളിവിടുമെന്നു പ്രതിപക്ഷം.

സാമ്പത്തികപ്രതിസന്ധി പരിഹരിക്കാൻ ഓരോ റേഷൻ കാർഡ് ഉടമയ്ക്കും 5000 രൂപവീതമെങ്കിലും പണമായി വിതരണംചെയ്യണം. കോവിഡ് നിയന്ത്രണങ്ങൾമൂലം സമൂഹം നേരിടുന്ന സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.

കോവിഡ് ചട്ടലംഘനമെന്നപേരിൽ ഇടതുകൈകൊണ്ട് ജനങ്ങളിൽനിന്ന് പിഴയീടാക്കുകയും വലതുകൈകൊണ്ട്‌ ഭക്ഷ്യകിറ്റ് വിതരണവുംചെയ്യുന്ന സമീപനമാണ്‌ പിണറായിസർക്കാർ സ്വീകരിക്കുന്നതെന്ന് അടിയന്തരപ്രമേയ നോട്ടീസ് നൽകിയ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

ഒരുഘട്ടത്തിൽ സാമ്പത്തിക കുതിച്ചുചാട്ടത്തിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയായി വളർന്നതാണ് കേരളം. സർക്കാരിന്റെ തലതിരിഞ്ഞ അടച്ചിടൽ നയംമൂലം പൊട്ടിപ്പാളീസായി പട്ടിണിയിലേക്കു നീങ്ങുകയാണ്. കുടുംബത്തിന് ഒരുനേരത്തേ ഭക്ഷണത്തിനായി ഓട്ടോ ഓടിക്കാൻ ഇറങ്ങുന്നവരെയും കൂലിപ്പണിക്കു പോകുന്നവരെയുമടക്കം പോലീസും മോട്ടോർ വാഹന ഉദ്യോഗസ്ഥരും തടഞ്ഞുനിർത്തി പിഴ ചുമത്തുകയാണ്. ഖജനാവിലേക്കു പണം കണ്ടെത്താനുള്ള സർക്കാർ നിർദേശപ്രകാരമാണിത്. ലോകരാജ്യങ്ങളും മറ്റുസംസ്ഥാനങ്ങളും കോവിഡ് നിയന്ത്രണത്തിനൊപ്പം മാനദണ്ഡങ്ങൾ പാലിച്ച് എല്ലാമേഖലയും തുറന്നുകൊടുക്കുമ്പോൾ, കേരളത്തിൽ സാമ്പത്തികമേഖലയെ തകർക്കുന്ന സമീപനമാണ്‌ സ്വീകരിക്കുന്നത്. ബിവറേജസ് കോർപ്പറേഷനിൽ നടപ്പാക്കിയ നയം എല്ലായിടത്തും നടപ്പാക്കിക്കൂടേ. ആരുടെ നിർദേശപ്രകാരമാണ്‌ എല്ലാ മേഖലയും അടച്ചിടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ 4000 രൂപ വീതം പണമായി നൽകി. ജനങ്ങളുടെ ദുരിതം തീർക്കാൻ തുക വിതരണം ചെയ്യണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

എന്നാൽ, ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ മേഖലയിലും ഇളവുനൽകാൻ സമയമായിട്ടില്ല. എല്ലാവർക്കും ഭക്ഷ്യകിറ്റ് നൽകുന്ന സംസ്ഥാനമാണ്‌ കേരളമെന്നും കോവിഡ് മൂന്നാം തരംഗം വരുന്നതോടെ വീണ്ടും നിയന്ത്രണം വേണ്ടിവരുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പുവരെമാത്രം ജനങ്ങളുടെ കാര്യങ്ങൾ നോക്കിയിരുന്ന സർക്കാർ തിരഞ്ഞെടുപ്പിനുശേഷം ചില ഉദ്യോഗസ്ഥ താത്പര്യങ്ങൾ സംരക്ഷിക്കാനാണ്‌ ശ്രമിക്കുന്നതെന്ന്‌ വി.ഡി. സതീശൻ ആരോപിച്ചു. കോവിഡ് പ്രതിസന്ധി അതിജീവിക്കാൻ 10,000 കോടി രൂപയെങ്കിലും ജനങ്ങൾക്കു നേരിട്ടുനൽകണം. ലോക്‌ ഡൗൺ ജനജീവിതത്തെ എങ്ങനെ ബാധിച്ചെന്നുപഠിക്കാൻ കോവിഡ് ദുരന്തനിവാരണകമ്മിഷൻ രൂപവത്‌കരിക്കണം. സംസ്ഥാന ആസൂത്രണബോർഡ് മാതൃകയിൽ കമ്മിഷൻ പ്രവർത്തിക്കണം -വാക്കൗട്ട് പ്രസംഗത്തിൽ സതീശൻ ആവശ്യപ്പെട്ടു.

സർക്കാർ നൽകുന്ന ഭക്ഷ്യകിറ്റിനോടുള്ള വല്ലാത്ത അസഹിഷ്ണുതയാണ് പ്രതിപക്ഷത്തിനെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എന്നാൽ, കിറ്റ് നൽകണമെന്നുതന്നെയാണ് തങ്ങളുടെയും നിലപാടെന്ന് കുഞ്ഞാലിക്കുട്ടിയും മറുപടിനൽകി.