വിഴിഞ്ഞം: കേരളതീരംവഴി ശ്രീലങ്കൻ തീവ്രവാദികൾ പാകിസ്താനിലേക്ക് കടക്കുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്ന് സംസ്ഥാനത്തെ തീരദേശത്തെ ആൾത്താമസമില്ലാത്തെ കെട്ടിടങ്ങളുടെ കണക്കെടുക്കുന്നു. ഇത്തരം കെട്ടിടങ്ങളുടെ മുഴുവൻ വിവരങ്ങളും ശേഖരിക്കുന്നത് ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് തീരുമാനം.

പഴയതും ഉപേക്ഷിക്കപ്പെട്ടതുമായ കെട്ടിടങ്ങൾ പൊളിക്കും. കേന്ദ്ര ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളുടെ കർശന നിർദേശത്തെത്തുടർന്നാണ് സുരക്ഷാ ഏജൻസികളുടെ നടപടി.

തമിഴ്നാട് അതിർത്തി പങ്കിടുന്ന പൂവാർ തെക്കെക്കെല്ലങ്കോട് മുതൽ കാസർകോട് വരെ 579 കിലോമീറ്ററുള്ള തീരത്തോടു ചേർന്നുള കെട്ടിടങ്ങളുടെ രേഖകൾ പരിശോധിച്ച് ഡിജിറ്റൈസ് ചെയ്യാൻ കോസ്റ്റൽ പോലീസും സുരക്ഷാ ഏജൻസികളും സംയുക്തമായി നടപടി തുടങ്ങി.

രാജ്യത്ത് കടൽമാർഗം വഴി ആയുധക്കടത്തും ലഹരിമരുന്ന് വ്യാപാരവും കൂടുകയാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. തീവ്രവാദസ്വഭാവമുള്ള ഇത്തരം സംഘങ്ങൾ കേരളതീരംവഴി ആയുധവും മയക്കുമരുന്നും കടത്തുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

തീവ്രവാദികൾ മത്സ്യത്തൊഴിലാളികളുടെ വേഷത്തിൽ എത്തിയേക്കാമെന്ന സൂചനയെത്തുടർന്നാണ് സുരക്ഷ ശക്തമാക്കുന്നത്. ബന്ധുക്കളോ പരിചയക്കാരോ ഇല്ലാതെ കേരളതീരത്ത് താമസിച്ചുവരുന്ന ഇതര സംസ്ഥാനക്കാരുടെ വിവരങ്ങളും ശേഖരിച്ചുതുടങ്ങി.

പരിചിതമല്ലാത്ത ബോട്ടുകളോ വള്ളങ്ങളോ കണ്ടാൽ കോസ്റ്റൽ പോലീസിൽ അറിയിക്കണമെന്ന് മീൻപിടിത്ത തൊഴിലാളികൾക്കു നിർദേശം നൽകി. തീരദേശത്തെ ഹോട്ടലുകൾ, ലോഡ്ജുകൾ എന്നിവിടങ്ങളിൽ അപരിചിതർ താമസിക്കാനെത്തിയാൽ പോലീസിൽ വിവരം നൽകണമെന്നും നിർദേശമുണ്ട്.