കണ്ണൂർ: വിജ്ഞാപനവും റാങ്കുപട്ടികയും മറികടന്ന് സി.പി.എമ്മിന്റെ യുവ എം.എൽ.എ.യുടെ ഭാര്യയ്ക്ക് കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി കരാർ നിയമനം.

റാങ്ക് പട്ടികയിൽ രണ്ടാംസ്ഥാനക്കാരിയായ ഇവരെ സംവരണാടിസ്ഥാനത്തിലാണ് നിയമിക്കുന്നതെന്നാണ് സർവകലാശാല നൽകുന്ന വിശദീകരണം.

എന്നാൽ, പൊതുനിയമനത്തിനായാണ് വിജ്ഞാപനം ഇറക്കിയതും അഭിമുഖം നടത്തിയതും. ഒരു വിഷയത്തിന് മാത്രമായി അധ്യാപകരെ നിയമിക്കാനിറക്കുന്ന വിജ്ഞാപനത്തിൽ റൊട്ടേഷൻ സംവരണം ഉണ്ടാകാറില്ല.

ധർമ്മശാലയിലെ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിലേക്ക് സയൻസ് എജ്യുക്കേഷനിലായിരുന്നു നിയമനം. സയൻസിനു പുറമേ മാത്തമാറ്റിക്കൽ എജ്യുക്കേഷൻ വിഭാഗത്തിലേക്കും ഒന്നിച്ചാണ് ജൂൺ എട്ടിന് വിജ്ഞാപനം നൽകിയത്. 14-ന് അഭിമുഖവും നടന്നു.

അധ്യാപന പരിചയം, ദേശീയ-അന്തർദേശീയ തലത്തിലുള്ള സെമിനാർ പ്രസന്റേഷൻ, പബ്ലിക്കേഷൻ എന്നിവ അടിസ്ഥാനമാക്കിയാണ് നിയമനമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.

അഭിമുഖത്തിൽ ഉയർന്ന മാർക്ക് മറ്റൊരു ഉദ്യോഗാർഥിക്കായിരുന്നു. രണ്ടാംറാങ്ക് നേടിയ എം.എൽ.എ.യുടെ ഭാര്യയ്ക്കുവേണ്ടിയാണ് നിയമനം സംവരണാടിസ്ഥാനത്തിലാക്കാൻ തീരുമാനിച്ചത്. അതിന് പ്രത്യേകമായി വിജ്ഞാപനമോ അഭിമുഖമോ ഉണ്ടായില്ല.

അഭിമുഖത്തിന് വിഷയവിദഗ്ധനോ വകുപ്പ് മേധാവിയോ ഹാജരായിരുന്നില്ല. അതേസമയം, മാത്തമാറ്റിക്‌സ് വിഷയത്തിൽ നടന്ന അഭിമുഖത്തിൽ വിഷയവിദഗ്ധനുണ്ടായിരുന്നു.

പ്രോ-വൈസ് ചാൻസലറും മറ്റ് രണ്ടുവിഷയത്തിലെ പ്രൊഫസർമാരുമാണ് അഭിമുഖത്തിനുണ്ടായിരുന്നത്. എന്നിട്ടും ഒന്നും രണ്ടും റാങ്കുകാർ തമ്മിൽ അഞ്ചുമാർക്കിന്റെ വ്യത്യാസമുണ്ടായിരുന്നു. ഇതാണ് നിയമനത്തിൽ അട്ടിമറിച്ചത്.

വിജ്ഞാപനത്തിൽ നൽകേണ്ടതില്ല

അധ്യാപക നിയമനത്തിനായി ഇറക്കുന്ന വിജ്ഞാപനത്തിൽ സംവരണമാണെന്ന് നൽകേണ്ട കാര്യമില്ല. സംവരണം റാങ്ക് പട്ടിക തയ്യാറാക്കിയതിനുശേഷം വൈസ് ചാൻസലർക്ക് തീരുമാനിക്കാം.

എന്നാൽ, സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ ഇങ്ങനെയാണോ നൽകിയതെന്നത് ബന്ധപ്പെട്ട സെക്‌ഷനിൽ പരിശോധിച്ചാൽ മാത്രമേ അറിയാനാകൂ.

-രജിസ്ട്രാർ, കണ്ണൂർ സർവകലാശാല