തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിട്ടേണിങ് ഓഫീസർ തള്ളിയ ആറ് നാമനിർദേശപ്പത്രികകൾ അപ്പീൽ കമ്മിറ്റി സ്വീകരിച്ചു. പത്രികയിൽ മത്സരിക്കുന്ന സ്ഥാനത്തിനുമുമ്പ് ‘ദ’ എന്നു ചേർത്തില്ല എന്ന പേരിൽ തള്ളിയ പത്രികകളാണിവ. എസ്.എഫ്.ഐ.യുടെ ഒരു പത്രികയും കെ.എസ്.യു.വിന്റെ മൂന്നുപത്രികകളും എ.ഐ.എസ്.എഫിന്റെ രണ്ട് പത്രികകളുമാണ് പ്രിൻസിപ്പൽ സി.സി. ബാബുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം സ്വീകരിക്കാൻ തീരുമാനിച്ചത്.

ഇതോടെ കോളേജിലെ അഞ്ചു സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പിനു വഴിയൊരുങ്ങി. വൈസ് ചെയർമാൻ, ജനറൽ സെക്രട്ടറി, ആർട്‌സ് ക്ലബ്ബ് സെക്രട്ടറി, യൂണിവേഴ്‌സിറ്റി യൂണിയൻ അംഗം, ആദ്യവർഷ ബിരുദാനന്തര ബിരുദ പ്രതിനിധി എന്നീ സ്ഥാനങ്ങളിലേക്കാണ് മത്സരം.

പത്രികകൾ തള്ളിയത് വിവാദമായതോടെ വെള്ളിയാഴ്ച വിദ്യാർഥി സംഘടനകളുടെ യോഗം വിളിച്ചിരുന്നു. വിദ്യാർഥികളുടെ അഭിപ്രായം തേടി അപ്പിൽ കമ്മറ്റിയും ചേർന്നു. എസ്.എഫ്.ഐ., എ.ഐ.എസ്.എഫ്. സംഘടനകളിലെ ഒരോ സ്ഥാനാർഥികളുടെ തിരിച്ചറിയൽ കാർഡിൽ ഒരു സീൽ മാത്രമേയുണ്ടായിരുന്നുള്ളൂ എന്നു ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. ഇവയും സ്വീകരിച്ചു. അടുത്ത വെള്ളിയാഴ്ചയാണ് കേരള സർവകലാശാലയിലെ കോളേജുകളിലെ വിദ്യാർഥിയൂണിയൻ തിരഞ്ഞെടുപ്പ്.

content highlights: university college trivandrum election ksu sfi