തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർഥികളെ ആക്രമിക്കാൻ ലക്ഷ്യമിട്ട‌ാണ് ഒരാഴ്ചമുമ്പ് ഓൺലൈനിൽ കത്തിവാങ്ങിയതെന്ന് അറസ്റ്റിലായ മുൻ എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തും സെക്രട്ടറി നസീമും. സഹപാഠിയായ അഖിലിനെ കുത്താനുപയോഗിച്ച കത്തി കോളേജിലെ പാർക്കിങ് സ്ഥലത്തിനു സമീപത്തെ മാലിന്യക്കൂമ്പാരത്തിൽനിന്ന് കണ്ടെടുത്തു. ഒന്നാംപ്രതിയായ ശിവരഞ്ജിത്തിനെയും രണ്ടാംപ്രതി നസീമിനെയും വെള്ളിയാഴ്ച രാവിലെ എട്ടിന് കോളേജിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയപ്പോഴാണ് കത്തി കണ്ടെടുത്തത്. ശിവരഞ്ജിത്താണ് കത്തിയെടുത്ത് നൽകിയത്.

സംഘർഷത്തിനിടെയാണ് കത്തിക്കുത്തുണ്ടായതെന്ന് ഇവർ പറഞ്ഞു. ഇതോടെ കോളേജിൽ വലിയ ബഹളമായി. ഇത് നിയന്ത്രിക്കാനാവാതെ വന്നതോടെ നസീമിന്റെ ബൈക്കിൽ പുറത്തേക്ക് പോകാൻ ശ്രമിച്ചു. അപ്പോഴാണ് പുറത്തു പോലീസ് എത്തിയെന്നറിഞ്ഞത്. ഉടനെ കത്തി മാലിന്യക്കൂമ്പാരത്തിൽ ഒളിപ്പിച്ചുവെന്നും ഇവർ പറഞ്ഞു.

യൂണിയൻ ഓഫീസിലും കോളേജ് വളപ്പിലും തെളിവെടുപ്പ് നടത്തി. സംഘർഷത്തിനുപയോഗിച്ച വടികളും ഇരുമ്പു പൈപ്പുകളും കോളേജ് വളപ്പിൽനിന്ന് കണ്ടെടുത്തു. ഇരുമ്പു പൈപ്പുകളും വടികളും ഉപയോഗിച്ചാണ് എസ്.എഫ്.ഐ. യൂണിറ്റ് ഭാരവാഹികൾ വിദ്യാർഥികളെ മർദിച്ചതെന്ന് പോലീസ് പറയുന്നു.

മടക്കിവെയ്ക്കാവുന്ന കൈപ്പിടിയിൽ ഒതുങ്ങുന്ന കത്തികളാണ് ഓൺലൈനായി വാങ്ങിയത്. പിടിയുടെ നിറത്തിൽ മാത്രമേ വ്യത്യാസമുണ്ടായിരുന്നുള്ളൂ. ഇവ യൂണിയൻ ഓഫീസിൽ സൂക്ഷിച്ചു. എസ്.എഫ്.ഐ. യൂണിറ്റിനെതിരേ രംഗത്തുവന്ന വിമതപക്ഷത്തെ ഒതുക്കാൻ മുന്നേ തീരുമാനിച്ചിരുന്നു. വിമതപക്ഷത്തുള്ളവർ യൂണിറ്റംഗങ്ങളുമായുള്ള പ്രശ്‌നങ്ങൾ സംസാരിച്ച് തീർക്കാനെത്തിയപ്പോഴാണ് മറ്റു ഭാരവാഹികൾ ശിവരഞ്ജിത്തിനെയും നസീമിനെയും വിളിച്ചുവരുത്തിയത്. തുടർന്നാണ് സംഘർഷവും കത്തിക്കുത്തുമുണ്ടായത്.

മൂന്നുദിവസത്തെ കസ്റ്റഡി അവസാനിച്ചതോടെ പ്രതികളെ അന്വേഷണസംഘം കോടതിയിൽ ഹാജാക്കി. തുടർന്ന് തിരിച്ച് ജയിലിലേക്കയച്ചു. പ്രതികളെ റിമാൻഡ് ചെയ്യണമെന്നും ഇല്ലെങ്കിൽ യൂണിവേഴ്‌സിറ്റി കോളേജിന്റെ സമാധാന അന്തരീക്ഷം തകർക്കുമെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പോലീസ് ചൂണ്ടിക്കാട്ടുന്നു.

Content Highlights: University college stabbing case; the weapon which is used to attack found from campus