തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ എസ്.എഫ്.ഐ. നേതാക്കളുടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥി അഖിൽ ചന്ദ്രന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ഖരരൂപത്തിലുള്ള ഭക്ഷണം കഴിച്ചുതുടങ്ങി. ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ ബന്ധുക്കളോട് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ് അഖിൽ.

ബുധനാഴ്ച പോലീസ് സംഘം അഖിലിന്റെ മൊഴിയെടുക്കും. രാവിലെ പത്തിന് അന്വേഷണോദ്യോഗസ്ഥർ ആശുപത്രിയിലെത്തി അഖിലിനെ കാണും. ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെട്ടാണ് അന്വേഷണസംഘം അഖിലിനെ കാണാനുള്ള സമയം തേടിയത്. മൊഴിയെടുക്കലിന് ഏറെനേരമെടുക്കരുതെന്ന നിർദേശം ഡോക്ടർമാർ നൽകിയിട്ടുണ്ട്. മൊഴിയെടുക്കാൻ വൈകുന്നതിനെതിരേ ആക്ഷേപം ഉയർന്നിരുന്നു.

ദേശീയപവർലിഫ്റ്റിങ് ചാമ്പ്യനായ അഖിലിന് ഇനി കായികമത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കളും ബന്ധുക്കളും. അഖിലിന്റെ നെഞ്ചത്താണ് കുത്തേറ്റത്. ഹൃദയത്തിന്റെ സംരക്ഷണവലയമായ പെരികാർഡിയത്തിന് പരിക്കേറ്റിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ അഖിലിന്റെ ആരോഗ്യനില മൂന്നു ദിവസത്തിനു ശേഷമാണ് മെച്ചപ്പെട്ടത്.

ശ്വാസമെടുക്കാനുള്ള കഴിവ് പവർലിഫ്റ്റിങ് കായിക താരങ്ങൾക്ക് വേണം. ഇതിനുള്ള ശാരീരിക അവസ്ഥ അഖിലിന് വീണ്ടെടുക്കാനാകുമോ എന്നതിൽ ഡോക്ടർമാർ ആശങ്കപ്രകടിപ്പിച്ചിട്ടുണ്ട്. ഓൾ ഇന്ത്യ ഫെഡറേഷൻ നാഷണൽ സബ്ജൂനിയർ പവർലിഫ്റ്റിങ്, ജൂനിയർ സൗത്ത് ഇന്ത്യ പവർലിഫ്റ്റിങ്, കേരള സബ് ജൂനിയർ ചാമ്പ്യൻഷിപ്പ് തുടങ്ങിയ ദേശീയ, സംസ്ഥാന മത്സരങ്ങളിൽ സ്വർണവും വെള്ളിയും നേടിയ കായികതാരമാണ് അഖിൽ.

Content Highlights: university college stabbing case; police will take statement from akhil today