തിരുവനന്തപുരം: നേതാക്കളായി വിലസിയിരുന്ന കലാലയത്തിലേക്ക് നസീമും ശിവരഞ്ജിത്തും വിലങ്ങണിഞ്ഞെത്തി. ‘ഭാവി പോലീസുകാരെ’ പ്രതികളായി കോളേജിലെത്തിച്ചത് എസ്.എഫ്.ഐ.യിൽ ഒരുമിച്ച് പ്രവർത്തിച്ച സഹപാഠിയെ കുത്തിവീഴ്ത്തിയ കത്തി കണ്ടെത്തുന്നതിനും.

ഇരുവരുടെയും കൈകൾചേർത്ത് വിലങ്ങിട്ടിരുന്നു. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയപ്പോൾ പ്രതികളെ സ്വതന്ത്രരായി വിട്ടതും സുഹൃത്തുക്കളുമായി സംസാരിക്കാൻ അനുവദിച്ചതും വിമർശനത്തിനിടയാക്കിയതുകൊണ്ട് ഇത്തവണ പോലീസ് ജാഗ്രതകാട്ടി. പഴി ഒഴിവാക്കാൻ പോലീസ് ഇരുവരെയും ശരിക്കും ‘പ്രതികളാക്കി’. കൈവിലങ്ങ് ഒഴിവാക്കിയില്ല.

ചുറ്റും അണികളും ആരവവുമില്ല. പോലീസുകാർ മാത്രം. ആശുപത്രിയിലും കോടതിവളപ്പിലും ഒട്ടേറെ എസ്.എഫ്.ഐ. പ്രവർത്തകർ പ്രതികളെ കാണാനെത്തിയിരുന്നു. എന്നാൽ കുട്ടി നേതാക്കളെ നിയന്ത്രിക്കുന്നതിൽ സി.പി.എം. ജില്ലാ നേതൃത്വത്തിന് വീഴ്ചപറ്റിയെന്ന നിഗമനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ വിവാദത്തിലേക്ക് ചാടാതിരിക്കാൻ പ്രവർത്തകർ പിന്തിരിഞ്ഞു.

കോളേജ് വളപ്പിലേക്ക് മറ്റാരെയും പ്രവേശിപ്പിച്ചില്ല. മാധ്യമപ്രവർത്തകരെയും ഗേറ്റിനുപുറത്തുനിർത്തി.

അഖിലിനെ കുത്തിയ കത്തി കണ്ടെത്തിയശേഷം കോളേജ് യൂണിയൻ മുറിയായിരുന്ന ‘ഇടിമുറി’യിലേക്ക്. പ്രസിഡന്റും സെക്രട്ടറിയും ഉപയോഗിച്ചിരുന്ന മുറികളിൽ തെളിവെടുപ്പ്. ഇവിടെനിന്നാണ് ഒഴിഞ്ഞ മദ്യക്കുപ്പിയും സർവകലാശാല ഉത്തരക്കടലാസുകളും ലഭിച്ചത്. ഇവിടെയും തെളിവെടുപ്പ് പൂർത്തിയാക്കിയശേഷമാണ് പോലീസ് ജീപ്പിലേക്ക് പ്രതികളെ കയറ്റിയത്.

Content Highlights: university college stabbing case; police taken evidence with accused