തിരുവനന്തപുരം: മൂക്കാൽ മണിക്കൂറോളം നീണ്ട മർദനത്തിനു ശേഷമാണ് തന്നെ കുത്തിയതെന്ന് യൂണിവേഴ്‌സിറ്റി കോളേജിൽവെച്ചു കുത്തേറ്റ അഖിലിന്റെ മൊഴി.

ആക്രമണത്തിനായി എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിനെയും സെക്രട്ടറി നസീമിനെയും മറ്റു യൂണിറ്റ് ഭാരവാഹികൾ വിളിച്ചുവരുത്തുകയായിരുന്നു. കുത്തിയത് ശിവരഞ്ജിത്താണ്. നസീം പിടിച്ചുവെച്ചു. സംഭവത്തിന് രണ്ടുദിവസംമുന്നേ ആക്രമിക്കാൻ യൂണിറ്റ് ഭാരവാഹികൾ പദ്ധതിയിട്ടിരുന്നെന്നും അഖിൽ മൊഴിനൽകി.

മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലെത്തിയാണ് സി.ഐ. എം. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൊഴിയെടുത്തത്.

എസ്.എഫ്.ഐ. യൂണിറ്റിലെ അംഗങ്ങളെ അനുസരിക്കാത്തതിനാലാണ് ആക്രമിക്കുകയും കുത്തുകയും ചെയ്തത്. ഒരുവർഷംമുമ്പ് അഖിലിന്റെ ഇരുചക്രവാഹനം ശിവരഞ്ജിത്തും നസീമും കോളേജിൽവെച്ച് അടിച്ചുതകർത്തിരുന്നു. ഇത് സി.പി.എം. ജില്ലാനേതൃത്വം ഇടപെട്ടാണു പരിഹരിച്ചത്. ഇതിലും പ്രതികൾക്കു നീരസമുണ്ട് -മൊഴിയിൽ പറയുന്നു.

താനും സുഹൃത്തുക്കളും കാന്റീനിൽ ഇരുന്ന് മേശയിൽ കൊട്ടി പാട്ടുപാടിയതാണ് സംഭവങ്ങളുടെ തുടക്കം. എസ്.എഫ്.ഐ. യൂണിറ്റ് അംഗമായ പെൺകുട്ടി ഇത് എതിർത്തു. എന്നാൽ, വകവെക്കാതെ പാട്ട് തുടർന്നു. പെൺകുട്ടി യൂണിറ്റിനു പരാതി നൽകി. അടുത്തദിവസം ഇടിമുറിയിൽ കൊണ്ടുപോയി യൂണിറ്റംഗങ്ങൾ ഭീഷണിപ്പെടുത്തി. ഉപദ്രവിക്കുകയും ചെയ്തു.

തുടർന്നും ഇവർ മോശമായി പെരുമാറി. മരത്തണലിൽ ഇരുന്നവരോട് എഴുന്നേറ്റുപോകാൻ നിർദേശിച്ചതും തർക്കത്തിനിടയാക്കി. സംഭവദിവസം രാവിലെ വിഷയം സംസാരിച്ചുതീർക്കാനാണ് യൂണിയൻ ഓഫീസിലെത്തിയത്. മറ്റു യൂണിറ്റ് ഭാരവാഹികളുമായി സംസാരിക്കാനെത്തിയപ്പോൾ ഇവർ നസീമിനെയും ശിവരഞ്ജിത്തിനെയും വിളിച്ചുവരുത്തി.

സംസാരിക്കാമെന്നുപറഞ്ഞ് അടുത്തുചെന്നപ്പോൾ നസീം അടിച്ചുതീർക്കാമെന്നാണു പറഞ്ഞത്. തുടർന്ന് യൂണിയൻ മുറിക്കകത്തുപോയി മറ്റുള്ളവരുമായി തിരിച്ചുവന്ന് മർദനം തുടങ്ങി. ഇതിനിടെ വിദ്യാർഥികൾ പ്രതിഷേധവുമായി പുറത്തേക്കുപോകാൻ ഒരുങ്ങിയതോടെ ഇരു ഗേറ്റുകളും യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ പൂട്ടി.

കമ്പും കമ്പികളും ഉപയോഗിച്ചായിരുന്നു മർദനം. മുക്കാൽമണിക്കൂറോളം നീണ്ട സംഘർഷത്തിനിടയിലാണ് കുത്തിയതെന്നും മൊഴിയിൽ പറയുന്നു.

Content Highlights: university college stabbing case; akhil's statement