തിരുവനന്തപുരം: എസ്.എഫ്.ഐ. നേതാക്കൾ തന്നെ കുത്താനുപയോഗിച്ച കത്തി യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർഥി അഖിൽ തിരിച്ചറിഞ്ഞു. ഈ കത്തിയുപയോഗിച്ചുണ്ടാകാവുന്ന മുറിവാണ് അഖിലിന്റെ നെഞ്ചിലുണ്ടായതെന്ന് ആദ്യം പരിശോധിച്ച ഡോക്ടറും മൊഴി നൽകി. മെഡിക്കൽ കോളേജിലെത്തിയാണ് പോലീസ് ഇരുവരുടേയും മൊഴിയെടുത്തത്. മരണകാരണമാകാവുന്ന മുറിവാണുണ്ടായത്. ഹൃദയത്തിന്റെ പുറംഭാഗത്തും മുറിവുണ്ടായിട്ടുണ്ട്.

കത്തി കഴിഞ്ഞദിവസം തെളിവെടുപ്പിനിടെ യൂണിവേഴ്‌സിറ്റി കോളേജിൽനിന്നാണ് കണ്ടെടുത്തത്. ആക്രമണക്കേസിൽ പോലീസ് തിരിച്ചറിഞ്ഞ 13 പേർകൂടി ഒളിവിലാണ്. 30 പ്രതികളിൽ ആറുപേർ പിടിയിലായി. 13 പേരെ തിരിച്ചറിഞ്ഞു. ഇതിൽ മൂന്നു പേർക്കെതിരേ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.

ആദ്യം പ്രതിചേർത്ത ഏഴുപേരെ കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തു. ഇതിൽ അഞ്ചുപേർ ഇപ്പോൾ റിമാൻഡിലാണ്. ലുക്കൗട്ട് നോട്ടീസ് ഇറക്കിയവരിൽ ഇബ്രാഹിം, അമർ, രഞ്ജിത്ത് എന്നിവർ ഇപ്പോഴും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. തിരിച്ചറിഞ്ഞ പത്തു പേർക്കെതിരേ കൂടി ലുക്കൗട്ട് നോട്ടീസ് ഇറക്കാനാണ് തീരുമാനം. കേസിൽപ്പെട്ട മറ്റുള്ളവർക്കെതിരേ കോളേജ് ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇതിനായി അന്വേഷണസമിതിയെ കോളേജ് നിയോഗിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി.

ആദ്യം പിടികൂടിയ ഒരാൾ ഒഴികെയുള്ള പ്രധാന പ്രതികളെല്ലാം പാർട്ടി നിർദേശപ്രകാരം കീഴടങ്ങുകയായിരുന്നു. പ്രതികളെ പിടിക്കാത്തതിൽ പ്രതിഷേധം ശക്തമായതോടെയായിരുന്നു നടപടി. ബാക്കിയുള്ള പ്രധാന പ്രതികളും കീഴടങ്ങാനുള്ള ചർച്ചകൾ നടന്നെങ്കിലും പ്രധാന പ്രതികളെ പിടികൂടിയതോടെ വിവാദങ്ങൾ കുറഞ്ഞു.

Content Highlights: university college stabbing case; akhil identified the knife which is used to attack him