തിരുവനന്തപുരം: എസ്.എഫ്.ഐ. യൂണിറ്റ് നേതൃത്വത്തിനെതിരേ വിമതസ്വരം ഉയർത്തുകയും സംഘടിക്കുകയും ചെയ്തതിനാണ് അഖിലിനെ കുത്തിയതെന്ന് പ്രതികളായ ശിവരഞ്ജിത്തും നസീമും. വിമതപക്ഷത്തെ വരുതിയിലാക്കാനുള്ള ശ്രമം സംഘർഷത്തിലെത്തുകയായിരുന്നെന്നും ഇവർ പറഞ്ഞു.

കേസിലെ ഒന്നാംപ്രതിയും യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ. യൂണിറ്റ് മുൻ പ്രസിഡന്റുമായ ശിവരഞ്ജിത്തിനെയും രണ്ടാം പ്രതിയും യൂണിറ്റ് മുൻസെക്രട്ടറിയുമായ നസീമിനെയും പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. തെളിവെടുപ്പിനും ചോദ്യംചെയ്യലിനുമായി മൂന്നുദിവസത്തേക്കാണ് കോടതി ഇവരെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.

കത്തിക്കുത്ത് നടന്ന യൂണിവേഴ്‌സിറ്റി കോളേജിലെത്തിച്ച് തെളിവെടുക്കും. കുത്തിയ കത്തിയടക്കം രണ്ടുകത്തികൾ സംഭവസമയം ഇവരുടെ പക്കലുണ്ടായിരുന്നു. ഇതും കണ്ടെടുക്കണം.

ഉത്തരക്കടലാസുകൾ കോളേജിൽനിന്ന്‌ എടുത്തത്

സർവകലാശാലാ ഉത്തരക്കടലാസുകൾ യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന് എടുത്തവയാണെന്ന് ശിവരഞ്ജിത്ത് ചോദ്യംചെയ്യലിൽ സമ്മതിച്ചു.

കോളേജിലേക്ക് ഉത്തരക്കടലാസുകൾ കൊണ്ടുവന്നിറക്കി മുറിയിലേക്ക് കയറ്റുന്നതിനിടെയാണ് ഇവ എടുത്തത്. ജീവനക്കാരൻ ഒരു കെട്ടുമായി അകത്തേക്കുപോയപ്പോൾ പുറത്തിരുന്ന കെട്ടിൽനിന്ന് വലിച്ചൂരിയെടുത്തതാണ് ഈ ഉത്തരക്കടലാസുകൾ. എന്നാൽ, സീൽചെയ്ത കെട്ടുകളിൽനിന്ന് വലിച്ചൂരിയെന്ന മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല.

ഇതിനിടെ, ശിവരഞ്ജിത്തിനെതിരേ മോഷണത്തിനും വ്യാജരേഖ ചമച്ചതിനും കന്റോൺമെന്റ് പോലീസ് ബുധനാഴ്ച കേസെടുത്തു. ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ വ്യാജ സീൽ നിർമിച്ചതിനാണ് കേസ്. സീൽ കോളേജിൽനിന്നു കിട്ടിയതാണെന്നാണു ശിവരഞ്ജിത്ത് പറഞ്ഞത്.

മുക്കാൽ മണിക്കൂർ മർദിച്ചു, പിന്നെ കുത്തിവീഴ്‌ത്തി

Content Highlights: university college stabbing case