തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ അധ്യാപകര്‍ക്കു നേരേ എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ അതിക്രമം. അധ്യാപകരുടെ നേര്‍ക്ക് തട്ടിക്കയറിയ വിദ്യാര്‍ഥികള്‍ കോളേജിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും അധ്യാപകരുടെ വാഹനങ്ങള്‍ക്കു കേടുപാടുവരുത്തുകയും ചെയ്തു. കോളേജ് അവധിയായിരുന്ന തിങ്കളാഴ്ച വൈകീട്ട് 5.30ഓടെയായിരുന്നു സംഭവം.

കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിനു പുറകുവശത്തെ കംപ്യൂട്ടര്‍ ലാബിന്റെ നാല് ജനല്‍ച്ചില്ലുകളാണ് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ആദ്യം അടിച്ചുതകര്‍ത്തത്. തുടര്‍ന്ന് ഗണിത വിഭാഗം മേധാവി എസ്.ബാബുവിന്റെ ബൈക്കിന്റെ സീറ്റും കുത്തിക്കീറി. അധ്യാപകരോടു തട്ടിക്കയറുകയും മോശമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തു. പ്രിന്‍സിപ്പലിന്റെ ചുമതലയുണ്ടായിരുന്ന വൈസ് പ്രിന്‍സിപ്പലിന്റെയും വിവിധ വിഭാഗം മേധാവികളുടെയും അധ്യാപകരുടെയും മുന്നിലായിരുന്നു ഇവരുടെ അഴിഞ്ഞാട്ടം. പരീക്ഷ കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടികളടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയും വിരട്ടിയോടിക്കുകയും ചെയ്തു. ആണ്‍കുട്ടികളെ ഇനിയും മര്‍ദിക്കുമെന്നും പെണ്‍കുട്ടികളെ കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി.

അക്രമികളായ വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍, സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അടുത്ത ദിവസം ഇതു സംബന്ധിച്ച് പരിശോധിക്കുമെന്നും പ്രിന്‍സിപ്പലിന്റെ ചുമതലയുണ്ടായിരുന്ന വൈസ് പ്രിന്‍സിപ്പല്‍ ഡോ. സുബ്രഹ്മണ്യം പറഞ്ഞു.

ഏതാനും ദിവസം മുമ്പ് ഗേറ്റ് അടച്ചിട്ട് വിദ്യാര്‍ഥികളെ തടഞ്ഞുനിര്‍ത്തി എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ നടത്തിയ ഒരു സമരത്തെക്കുറിച്ച് പ്രിന്‍സിപ്പലിനു മൊഴിനല്‍കിയതാണ് ഇപ്പോഴത്തെ അക്രമത്തിനു കാരണം.

കോളേജ് ഗേറ്റ് അടച്ചിട്ട് വിദ്യാര്‍ഥികളെ ബലമായി തടഞ്ഞതിനെക്കുറിച്ച് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ വിശദീകരണം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അച്ചടക്കസമിതിയുടെ റിപ്പോര്‍ട്ടില്‍ ഗേറ്റടച്ചിട്ടു എന്ന തരത്തില്‍ മൊഴിനല്‍കിയതാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകരെ പ്രകോപിതരാക്കിയത്. അച്ചടക്കസമിതി കണ്‍വീനര്‍ സോമശേഖരന്‍ പിള്ളയാണ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി. കോളേജിലെ ഇടിമുറിയെന്നറിയപ്പെട്ട പഴയ യൂണിയന്‍ ഓഫീസ് മുറിയില്‍ ഇപ്പോള്‍ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ലൈബ്രറിയാണ് പ്രവര്‍ത്തിക്കുന്നത്. ഇത് രണ്ടുമാണ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം കെട്ടിടം അടിച്ചുതകര്‍ത്തതിനു പിന്നിലെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.

ഗണിത വിഭാഗം മേധാവി എസ്.ബാബുവും എസ്.എഫ്.ഐ.യുടെ സമരം ഗേറ്റടച്ചിട്ടാണെന്നു മൊഴിനല്‍കിയിരുന്നു. ഈ വൈരാഗ്യമാണ് അദ്ദേഹത്തിന്റെ വാഹനത്തിനു കേടുപാടുവരുത്തിയതിനു പിന്നിലെന്നാണ് പരാതി.

കഴിഞ്ഞദിവസത്തെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് പരീക്ഷെയഴുതുന്ന വിദ്യാര്‍ഥികളെ മാത്രം അകത്തു കടത്തിയാല്‍ മതിയെന്ന് പ്രിന്‍സിപ്പല്‍ നിര്‍ദേശിച്ചിരുന്നതാണ്. ഉച്ചയ്ക്കു ശേഷമായിരുന്നു പരീക്ഷ. എന്നാല്‍, രാവിലെ മുതല്‍ എസ്.എഫ്.ഐ. നേതാക്കളും കഴിഞ്ഞ ദിവസത്തെ അക്രമത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട പ്രവര്‍ത്തകരുമടക്കം കാമ്പസിനുള്ളിലെത്തിയിരുന്നുവെന്ന് അധ്യാപകരും വിദ്യാര്‍ഥികളും ചൂണ്ടിക്കാട്ടുന്നു. ആരുടെയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിക്കുകയും ചെയ്തില്ല. അവധി ദിവസമായിട്ടും യാതൊരു പരിേശാധനയുമില്ലാതെ വിദ്യാര്‍ഥികളെ കടത്തിവിട്ടതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് പരാതിയുണ്ട്. തുടര്‍ച്ചയായി അക്രമങ്ങള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കോളേജില്‍ വീണ്ടും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തുന്ന കാര്യവും ആലോചനയിലാണ്.

Content Highlights: SFI ruckus in Univeristy college