തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന് എസ്.എഫ്.ഐ.ക്കാർ പോലീസിനെ പുറത്താക്കിയതിനു പിന്നാലെ വനിതാ പോലീസിന്റെ സഹായംതേടി കോളേജ് കൗൺസിൽ. തിങ്കളാഴ്ച ചേർന്ന കൗൺസിലിലാണ് അഞ്ചു വനിതാപോലീസുകാരെ കോളേജിലെ ഇടിമുറിക്ക് സമീപം നിയോഗിക്കാൻ നിർദേശിച്ചത്. ചൊവ്വാഴ്ച മുതൽ കോളേജിനുള്ളിൽ വീണ്ടും പോലീസിനെ നിയോഗിക്കും. നേരത്തേ ഒരു എസ്.ഐ.യുടെ നേതൃത്വത്തിൽ പുരുഷ പോലീസുകാരാണ് ഇവിടെ ഡ്യൂട്ടിക്കുണ്ടായിരുന്നത്.

വെള്ളിയാഴ്ച എസ്.എഫ്.ഐ.യുടെ നേതൃത്വത്തിൽ കോളേജിലെ ഇടിമുറിക്ക് സമീപം ഡ്യൂട്ടിചെയ്തിരുന്ന പോലീസുകാർക്കുനേരെ പ്രതിഷേധമുണ്ടായിരുന്നു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് കോളേജിനുള്ളിൽനിന്ന് പോലീസിനെ പിൻവലിച്ചു. പ്രിൻസിപ്പലിനും സിറ്റി പോലീസ് കമ്മിഷണർക്കും കോളേജിനുള്ളിൽ പോലീസ് തുടരണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. പരാതി നൽകിയിരുന്നു.

വേദിക്ക് സമീപമുണ്ടായിരുന്ന ഇടിമുറിയെന്ന യൂണിയൻ ഓഫീസിൽ തിങ്കളാഴ്ച മുതൽ ക്ലാസ് ആരംഭിച്ചു. ഒന്നാംവർഷ എം.എ. ഇംഗ്ലീഷ് ക്ലാസാണ് ഇവിടെ നടക്കുന്നത്. ഇടയ്ക്ക് വൈദ്യുതി ഷോർട്ടായതിനെതുടർന്ന് തീപ്പൊരി ചിതറിയതിനാൽ ഉച്ചവരെമാത്രമേ ക്ലാസ് നടത്തിയുള്ളൂ. എസ്.എഫ്.ഐ.യുടെ യൂണിറ്റ് മുറി ക്ലാസ് മുറിയാക്കുന്നതിൽ ഒരു വിഭാഗം അധ്യാപകർക്കും വിദ്യാർഥികൾക്കും താത്പര്യമില്ലായിരുന്നു.

അധ്യാപകരുടെ കൂട്ടസ്ഥലംമാറ്റത്തിനെതിരേ കോളേജ് കൗൺസിൽ പ്രതിഷേധം രേഖപ്പെടുത്തണമെന്നും അധ്യാപകർ ആവശ്യപ്പെട്ടു. എന്നാൽ പ്രിൻസിപ്പൽ ഇത് മിനുട്സിൽ രേഖപ്പെടുത്താനാവില്ലെന്നറിയിച്ചു. അധ്യാപകർ അവധിയിലോ മറ്റു ഡ്യൂട്ടികളിലോ ആണെങ്കിലും ക്ലാസിലെത്തിയ വിദ്യാർഥികൾക്ക് ഹാജർനൽകാനും തീരുമാനിച്ചു.

അധ്യാപകരുടെ കൂട്ടസ്ഥലംമാറ്റത്തിനെതിരെയും ഒരു വിഭാഗം പ്രതിഷേധം ഉയർത്തയിട്ടുണ്ട്. ഇടതുപക്ഷ അനുകൂല അധ്യാപക സംഘടനയിൽ വിദ്യാർഥികളുടെ താളത്തിനൊത്ത് തുള്ളുന്നവരെ സംരക്ഷിച്ചാണ് സ്ഥലംമാറ്റമെന്നാരോപിച്ചാണ് ഒരു വിഭാഗം അധ്യാപകർ രംഗത്തുള്ളത്. ഇതിനെതിരേ സംഘടന പ്രതികരിക്കാത്തതും അതുകൊണ്ടാണ്. എസ്.എഫ്.ഐ.ക്ക്‌ താത്പര്യമില്ലാത്തവരാണ് പട്ടികയിലെ ഭൂരിഭാഗമെന്നാണ് ആരോപണം.

Content Highlights: University College Police Security