തിരുവനന്തപുരം: എസ്.എഫ്.ഐ. നേതാക്കളിൽനിന്നു നിരന്തര ഭീഷണിയുണ്ടെന്ന പരാതിയുമായി യൂണിവേഴ്‌സിറ്റി കോളേജിലെ കെ.എസ്.യു. ഭാരവാഹികൾ രംഗത്ത്. കാമ്പസിനകത്തും പുറത്തും വച്ച് തങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും സുരക്ഷ നൽകണമെന്നും ഇവർ പോലീസ് മേധാവിക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം കോളേജിലെ രണ്ട് വകുപ്പുകളിൽ പഠിക്കുന്ന വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇവിടെയെത്തിയ കെ.എസ്.യു. ഭാരവാഹികളെ കോളേജ് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കൊല്ലുമെന്ന തരത്തിലായിരുന്നു എസ്.എഫ്.ഐ. നേതാക്കളുടെ ഭീഷണി. പ്രിൻസിപ്പലും ഒരു വിഭാഗം അധ്യാപക സംഘടനാ പ്രതിനിധികളും എസ്.എഫ്.ഐ.ക്ക് പിന്തുണ നൽകുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഭീഷണിയെത്തുടർന്ന് വിദ്യാർഥി സംഘടനാ പ്രതിനിധികളുടെ യോഗം ചേരണമെന്ന് പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രിൻസിപ്പലോ കോളേജ് കൗൺസിലോ ഇക്കാര്യത്തിൽ ഇടപെടാൻ തയ്യാറായില്ലെന്ന് പറയുന്നു.

കെ.എസ്.യു. പ്രവർത്തകരെ ക്ലാസ് മുറികളിൽനിന്നു വിളിച്ചിറക്കി പഠിക്കാനോ പരീക്ഷയെഴുതാനോ അനുവദിക്കില്ലെന്ന് കാട്ടി ഭീഷണി മുഴക്കുകയാണ്. എസ്.എഫ്.ഐ.യുടെ പുതിയ അഡ്‌ഹോക് കമ്മിറ്റി അംഗങ്ങളാണ് ഭീഷണിക്കു പിന്നിൽ.

കെ.എസ്.യു. യൂണിറ്റ് ഭാരവാഹികളായ അമൽചന്ദ്ര സി., അച്ചുത് എസ്., അമൽ പി.ടി., ആര്യ, ബോബൻ, ഐശ്വര്യ എന്നിവർക്ക് ജീവനുവരെ ഭീഷണിയുണ്ടെന്നാണ് ഡി.ജി.പി.ക്കു നൽകിയ പരാതിയിൽ പറയുന്നത്‌. ഇതിന് ഉന്നത സി.പി.എം. നേതാക്കളുടെയും എസ്.എഫ്.ഐ. നേതാക്കളുടെയും പിന്തുണയുണ്ടെന്നും ആരോപണമുണ്ട്. ഏതാനും ദിവസം മുമ്പ് രാഖികെട്ടിയെന്നു പറഞ്ഞ് ഒരു വിദ്യാർഥിനിയോട് എസ്.എഫ്.ഐ. നേതാക്കൾ മോശമായി പെരുമാറിയിരുന്നു. ഇതടക്കമുള്ള പല അക്രമങ്ങളും കണ്ടില്ലെന്നുനടിക്കാനോ ഒതുക്കിത്തീർക്കാനോ ആണ് പ്രിൻസിപ്പലും ഒരു വിഭാഗം കോളേജ് അധ്യാപകരും ശ്രമിക്കുന്നതെന്നാണ് ആരോപണം.

എസ്.എഫ്.ഐ. നേതാക്കൾ സ്വന്തം പ്രവർത്തകനെ കുത്തിയതിനെത്തുടർന്ന് കോളേജിൽ സംഘർഷമുണ്ടാവുകയും തുടർന്ന് സംഘടനാ പ്രവർത്തനത്തിനടക്കം നിയന്ത്രണം കൊണ്ടുവരികയും ചെയ്തിരുന്നു. തുടർന്ന് ഒരു മാസം മുമ്പാണ് 18 വർഷത്തിനു ശേഷം കെ.എസ്.യു. വീണ്ടും കോളേജിൽ യൂണിറ്റ് രൂപവത്കരിച്ചത്.

content highlights: university college ksu,sfi