തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകൻ അഖിൽ ചന്ദ്രനെ കുത്തിയ കേസിൽ ഒരു വിദ്യാർഥികൂടി അറസ്റ്റിലായി. രണ്ടാംവർഷ ബിരുദ വിദ്യാർഥി കല്ലിയൂർ പെരിങ്ങമല കുളത്തിൻകര ശാന്തിഭവനിൽ എസ്.എസ്. അക്ഷയ് (19) ആണ് അറസ്റ്റിലായത്. കേസിലെ 12-ാം പ്രതിയാണ് ഇയാൾ.

ശനിയാഴ്ച രാത്രി പെരിങ്ങമലയിലെ വീട്ടിൽനിന്നാണ് അക്ഷയ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കുവേണ്ടി അന്വേഷണം തുടരുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

അതേസമയം കോളേജിലെ യൂണിയൻ റൂമിൽനിന്ന് ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഒഴിവാക്കാനുള്ള ശ്രമം തുടരുകയാണ്. ഉത്തരക്കടലാസ് ഇനിയും പോലീസിന് കൈമാറിയിട്ടില്ല. ഇതേക്കുറിച്ച് കോളേജ് അധികൃതർ വിവരം നൽകിയിട്ടില്ലെന്ന് കന്റോൺമെന്റ് പോലീസ് പറഞ്ഞു.

കോളേജ് യൂണിറ്റ് റൂം വൃത്തിയാക്കുമ്പോഴാണ് ഉത്തരക്കടലാസുകൾ ലഭിച്ചത്. ഇത് കോളേജ് ജീവനക്കാർ ഓഫീസിലേക്ക് മാറ്റി. ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് കോളേജ് അധികൃതർ പറഞ്ഞിരുന്നെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. കോളേജ് വിദ്യാഭ്യാസ ഡയക്ടർ കെ.കെ. സുമയും ഉത്തരക്കടലാസുകൾ പോലീസിന് കൈമാറുമെന്ന് അറിയിച്ചിരുന്നു.

കോളേജിൽനിന്നുള്ള അധ്യാപകരുടെ സ്ഥലംമാറ്റത്തെക്കുറിച്ചും ആക്ഷേപമുണ്ട്. ഭരണകക്ഷിയോട് ആഭിമുഖ്യമുള്ളവരെ നിലനിർത്തിക്കൊണ്ടാണ് സ്ഥലംമാറ്റമെന്നാണ് പരാതി. പുതിയ അധ്യാപകർ ഈയാഴ്ച ചുമതലയേൽക്കും. ശനിയാഴ്ച വൈകീട്ടാണ് 11 അധ്യപകരെ സ്ഥലംമാറ്റി ഉത്തരവിറങ്ങിയത്.

പോലീസ് കാമ്പസിന് പുറത്തുതന്നെ

എസ്.എഫ്.ഐ. നേതാക്കളുടെ ആവശ്യപ്രകാരം പോലീസിനെ കാമ്പസിന് പുറത്തിറക്കിയശേഷമുള്ള അധ്യയനം തിങ്കളാഴ്ച മുതൽ തുടങ്ങും. വിദ്യാർഥി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കോളേജിനുള്ളിൽ സുരക്ഷയ്ക്ക് പോലീസിനെ നിയോഗിച്ചിരുന്നു. സ്റ്റേജിനുള്ളിൽനിന്ന്‌ പോലീസുകാരെ വെള്ളിയാഴ്ച ഉച്ചയോടെ വിദ്യാർഥി നേതാക്കൾ നിർബന്ധിച്ച് ഇറക്കിവിടുകയായിരുന്നു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കോളേജ് കാമ്പസിനുള്ളിൽനിന്ന് പോലീസിനെ പിൻവലിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കോളേജ് ഗേറ്റിൽ പോലീസ് സുരക്ഷ തുടരും. കോളേജിൽനിന്ന് പോലീസിനെ പിൻവലിക്കരുതെന്നാവശ്യപ്പെട്ട് കോളേജിലെ കെ.എസ്.യു ഭാരവാഹികൾ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകും. പോലീസിനെ പുറത്താക്കുന്നത് എസ്.എഫ്.ഐ. നേതാക്കൾക്ക് പഴയപടി കോളേജിൽ അക്രമം നടത്താൻവേണ്ടിയാണെന്ന് സംശയിക്കുന്നതായി കെ.എസ്.യു. ആരോപിച്ചു.

Content Highlights: University College Conflict