തിരുവനന്തപുരം: ഓൺലൈൻ പഠനത്തിന് ലാപ്‌ടോപ്പ് പ്രതീക്ഷിച്ച് ചിട്ടിയിൽ ചേർന്ന വിദ്യാർഥികൾക്ക് നിരാശ. കെ.എസ്.എഫ്.ഇ. ചിട്ടിയിൽ ചേർന്നവർക്ക് ലാപ്‌ടോപ്പ് നൽകുന്ന വിദ്യാശ്രീ പദ്ധതി മുടങ്ങി. 38,000 വിദ്യാർഥികൾ പണമടച്ച് ലാപ്‌ടോപ്പിനുവേണ്ടി കാത്തിരിക്കുന്നുണ്ട്. കുടുംബശ്രീ, കെ.എസ്.എഫ്.ഇ, ഐ.ടി. മിഷൻ എന്നിവ ചേർന്നാണ് പദ്ധതി ആവിഷ്കരിച്ചത്. 6000 വിദ്യാർഥികൾക്കാണ് ഇതുവരെ ലാപ്‌ടോപ്പ് കിട്ടിയത്.

കോവിഡ് വ്യാപനം ശക്തമായതോടെ ചൈനയിൽ നിന്നുള്ള കംപ്യൂട്ടർ ഘടകങ്ങൾ കിട്ടാതെയായി. കരാർ ഏറ്റെടുത്ത നാല്‌ കമ്പനികൾക്കും നിശ്ചിത സമയത്ത് ലാപ്‌ടോപ്പുകൾ നൽകാൻ കഴിയാത്ത അവസ്ഥയാണ്. ഓർഡർ നൽകി 84 ദിവസത്തിനുള്ളിൽ ലാപ്‌ടോപ്പ് നൽകണമെന്നാണ് വ്യവസ്ഥ. ഓഗസ്റ്റ് ആദ്യത്തോടെ കാലാവധി തീരും.

കെ.എസ്.എഫ്.ഇ. നൽകുന്ന പട്ടികപ്രകാരമാണ് ലാപ്‌ടോപ്പ് നൽകേണ്ടത്. അത് നൽകിയില്ലെങ്കിലും മുടങ്ങാതെ ചിട്ടി അടയ്ക്കാൻ അധികൃതർ നിർബന്ധിക്കുന്നുണ്ട്. തവണ മുടക്കിയാൽ ഗുണഭോക്തൃപട്ടികയിൽ നിന്ന്‌ പുറത്താകും. ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തത്.

content highlights: unavailability of parts from china; laptop distribution for children derailed