: കുടപിടിച്ചുളള ഇരുചക്രവാഹനയാത്രകൾ അപകടങ്ങൾക്കു കാരണമാകുന്നതിനെത്തുടർന്ന് മോട്ടോർവാഹന വകുപ്പ് ഇതൊരു നിയമലംഘനമായി പരിഗണിക്കുന്നു. ഇതിന് വഴിയൊരുക്കിയതാകട്ടെ പത്തനംതിട്ട മല്ലപ്പള്ളി ജോയന്റ് ആർ.ടി.ഒ. എം.ജി. മനോജിന്റെ ശുപാർശയും. കുടപിടിച്ചുള്ള യാത്രയ്ക്കിടെ പിടിവീണാൽ ഇനി അടയ്ക്കേണ്ട പിഴ ആയിരംമുതൽ അയ്യായിരം രൂപവരെ. കഴിഞ്ഞദിവസം ഉത്തരവിറങ്ങി.

കുടപിടിച്ച് ഇരുചക്രവാഹനത്തിൽ യാത്രചെയ്യുന്നത് കണ്ടെത്തിയാൽ ശിക്ഷ ഉറപ്പാക്കണം. ഈയൊരു പ്രവണത അവസാനിപ്പിക്കാൻ ഉദ്യോഗസ്ഥർ ബോധവത്കരണം നടത്തണമെന്ന് ഉത്തരവിൽ പറയുന്നു. മനോജിന്റെ ശുപാർശയെത്തുടർന്ന് കുട്ടികളെ കാറിൽ ഒറ്റയ്ക്കിരുത്തി മാതാപിതാക്കൾ പുറത്തിറങ്ങരുത് എന്ന ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. വാഹനത്തിലെ എ.സി. പ്രവർത്തിപ്പിച്ച് ഇത്തരത്തിൽ മാതാപിതാക്കൾ പുറത്തുപോകുമ്പോൾ കുട്ടികളുടെ ജീവൻപോലും അപകടത്തിലാകുന്നുണ്ട്. ആലപ്പുഴ മാവേലിക്കര സ്വദേശിയാണ് മനോജ്.

അടുത്തിടെ ഏഴുപേർ ഇത്തരത്തിൽ അപകടത്തിൽപ്പെട്ടതായി മോട്ടോർവാഹന വകുപ്പ് അറിയിച്ചു. ഇതേത്തുടർന്ന് പരിശോധന ശക്തമാക്കാൻ ട്രാൻസ്‌പോർട്ട് കമ്മിഷണർ നിർദേശം നൽകി.