തിരുവനന്തപുരം: സർവകലാശാല നിയമനങ്ങളിൽ സംവരണ വിഭാഗത്തിൽ കുടിശ്ശികയുള്ളവ ഉടൻ നികത്തണമെന്ന് യു.ജി.സി. ഇതുവരെയുള്ള നിയമനങ്ങൾ പരിശോധിച്ച് അധ്യാപക, അനധ്യാപക വിഭാഗങ്ങളിൽ സംവരണ കുടിശ്ശികയുള്ളവയിൽ നിയമനം നടത്താനാണ് നിർദേശം. അധ്യാപക-അനധ്യാപക നിയമനം, കോളേജുകളിലെ പ്രവേശനം എന്നിവയിലെ സംവരണ പട്ടിക വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കണം. ഈ അധ്യയനവർഷത്തിൽ നടത്തിയ നിയമനങ്ങളിലെയും പ്രവേശനങ്ങളിലെയും സംവരണം അനുവദിച്ചതിന്റെ പട്ടിക യു.ജി.സിക്ക് നൽകാനും നിർദേശമുണ്ട്.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊഴികെ സർക്കാർ സഹായം സ്വീകരിക്കുന്ന സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും യു.ജി.സി. ചട്ടമനുസരിച്ച് സംവരണതത്ത്വം പാലിക്കാൻ ബാധ്യസ്ഥരാണ്. കേന്ദ്രം ധനസഹായം നൽകുന്നവ അവരുടെ ഉത്തരവുകൾക്ക് അനുസരിച്ചും സംസ്ഥാനസർക്കാരിന്റെ സഹായത്തിൽ പ്രവർത്തിക്കുന്നവ അവരുടെ സംവരണ മാനദണ്ഡങ്ങളും നിർബന്ധമായും പാലിക്കണം. സംവരണക്രമത്തിന്റെ പട്ടിക നിശ്ചിത ഇടവേളകളിൽ പുതുക്കുകയും വേണം. സംസ്ഥാനത്തെ സർവകലാശാലകളിൽ നടന്ന അധ്യാപക നിയമനങ്ങൾക്ക് മുന്നോടിയായി സംവരണ നില പ്രഖ്യാപിച്ചിരുന്നില്ല. നിയമന വിജ്ഞാപനം പുറപ്പെടുവിച്ചപ്പോഴും സംവരണ ഒഴിവുകൾ എത്രയാണെന്ന് വ്യക്തമാക്കിയിരുന്നില്ലെന്നതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.

Content Highlights: UGC university reservation