കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ ലൈഫ്, ആർദ്രം മിഷനുകളുൾപ്പെടെയുള്ള നാല്‌ മിഷനുകളും പിരിച്ചുവിടുമെന്ന് യു.ഡി.എഫ്. കൺവീനർ എം.എം. ഹസ്സൻ പറഞ്ഞു. പഞ്ചായത്തുകൾ വഴി നടപ്പാക്കേണ്ട പാർപ്പിട പദ്ധതികളെ പിണറായി സർക്കാർ കവർന്നെടുക്കുകയായിരുന്നു. സർക്കാരിന്റെ വൻകിട പദ്ധതികളെല്ലാം അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. ഊരാളുങ്കൽ സൊസൈറ്റിക്ക്‌ നൽകിയ എല്ലാ കരാറുകളും അന്വേഷിക്കണം കാസർകോട്ട് മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

∙ മുഖ്യമന്ത്രിയുൾപ്പെടെ സി.പി.എമ്മിന്റെ നേതാക്കളിൽ പലരും തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങളിൽ പങ്കെടുക്കാത്തത് പരാജയഭീതിമൂലമാണെന്ന് ഹസ്സൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് ഭയം കോവിഡിനെയല്ല, ജനങ്ങളെയാണ്. അഴിമതികളിൽ പകച്ചുനിൽക്കുന്ന സർക്കാരിന് കനത്ത തിരിച്ചടിയാകും ജനവിധി. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇ.ഡി.ക്കു മുൻപിൽ ഹാജരാവില്ല. ആ സമയം തെളിവുകൾ നശിപ്പിക്കാനായി ഉപയോഗിക്കും. നിയമസഭാ സ്പീക്കർക്കെതിരായ ആരോപണവും ആക്ഷേപങ്ങളും ഞെട്ടിക്കുന്നതാണ്. കോടിക്കണക്കിന് രൂപയുടെ കരാറുകൾ നൽകാൻ മുൻകൈ എടുത്തത് രവീന്ദ്രനാണെന്നും നിയമസഭാ കമ്മിറ്റി അന്വേഷിക്കുമെന്ന് പറയുന്നത് പ്രഹസനമാണെന്നും സ്പീക്കർക്കെതിരേ നിഷ്പക്ഷ അന്വേഷണം വേണമെന്നും ഹസ്സൻ ആവശ്യപ്പെട്ടു.