തിരുവനന്തപുരം: സംസ്ഥാനത്തെ 27 തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. 15-ഉം എൽ.ഡി.എഫ്. 11-ഉം ബി.ജെ.പി. ഒരു സീറ്റും നേടി.

എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫ്. നാലും ബി.ജെ.പി. ഒരുസീറ്റും പിടിച്ചെടുത്തു. യു.ഡി.എഫിൽനിന്ന് എൽ.ഡി.എഫ്. ഒരു സീറ്റ് പിടിച്ചെടുത്തു. കഴിഞ്ഞതവണ സ്വതന്ത്രർ ജയിച്ച നാലുസീറ്റുകളിൽ മൂന്നെണ്ണം എൽ.ഡി.എഫിനും ഒരു സീറ്റ് യു.ഡി.എഫിനും ലഭിച്ചു.

എൽ.ഡി.എഫിന് ഒരു സീറ്റ് നഷ്ടമായതോടെ ചെങ്കൽ ഗ്രാമപ്പഞ്ചായത്തിലെ ഭൂരിപക്ഷവും നഷ്ടമായി. എട്ട് അംഗങ്ങളുണ്ടായിരുന്ന സി.പി.എം. രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെയാണ് ഭരിച്ചിരുന്നത്. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതോടെ യു.ഡി.എഫിന് പത്തും ഇടതിന് ഒമ്പതും അംഗങ്ങളായി.

പതിനഞ്ചുവർഷമായി സി.പി.എമ്മിന്റെ സീറ്റായിരുന്ന തിരുവനന്തപുരം കാരോടിലെ കാന്തള്ളൂരിൽ സി.പി.എം. സ്ഥാനാർഥിക്ക് ലഭിച്ചത് 63 വോട്ടു മാത്രം. ഈ സീറ്റ് ബി.ജെ.പി. പിടിച്ചെടുത്തു. സി.പി.എം. മൂന്നാംസ്ഥാനത്തായി. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ സി.പി.എം. സ്ഥാനാർഥി 300 വോട്ട്‌ നേടിയിരുന്നു. കഴിഞ്ഞതവണ 254 വോട്ടുനേടിയ ബി.ജെ.പി. ഉപതിരഞ്ഞെടുപ്പിൽ നേടിയത് 512 വോട്ടാണ്.

പാർലമെന്റിലേക്ക് ജയിച്ചതിനാൽ രമ്യാ ഹരിദാസും വി.കെ. ശ്രീകണ്ഠനും രാജിവെച്ച വാർഡുകൾ യു.ഡി.എഫ്. നിലനിർത്തി. രമ്യാ ഹരിദാസ് രാജിവെച്ച ഒഴിവിൽ തിരഞ്ഞെടുപ്പ് നടന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പൂവാട്ടുപറമ്പിൽ കോൺഗ്രസിലെ നസീബ റായാണ് വിജയിച്ചത്. വി.കെ. ശ്രീകണ്ഠൻ രാജിവെച്ചതിനെത്തുടർന്ന് ഒഴിവുവന്ന ഷൊർണൂർ നഗരസഭയിലെ പതിനേഴാം വാർഡിൽ യു.ഡി.എഫിലെ പ്രവീൺ ജയിച്ചു. എൽ.ഡി.എഫിന് നഷ്ടമായ അഞ്ചിൽ നാല് വാർഡുകളും തിരുവനന്തപുരത്താണ്.

പാലക്കാട് പല്ലശ്ശന പഞ്ചായത്തിലെ മഠത്തിൽകളം വാർഡ് യു.ഡി.എഫിൽനിന്ന് എൽ.ഡി.എഫ്. പിടിച്ചെടുത്തു. തിരുവനന്തപുരത്തെ കുന്നത്തുകാൽ പഞ്ചായത്തിലെ നിലമാമൂട്, അമ്പൂരി പഞ്ചായത്തിലെ തുടിയംകോണം, പാങ്ങോട് അടപ്പുപാറ, ഇടുക്കിയിലെ അടിമാലി ബ്ലോക്ക് പഞ്ചായത്തിലെ കൊന്നത്തടി വാർഡുകളാണ് എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫ്. പിടിച്ചെടുത്തത്.

യു.ഡി.എഫ്. വിജയിച്ചത്

വാർഡ്, സ്ഥാനാർഥി, പാർട്ടി, ഭൂരിപക്ഷം എന്ന ക്രമത്തിൽ:

തിരുവനന്തപുരം - പോത്തൻകോട് ബ്ലോക്ക്പഞ്ചായത്ത് -കണിയാപുരം -കുന്നുപുറം വാഹിദ് -കോൺ -1056, ചെങ്കൽ ഗ്രാമപ്പഞ്ചായത്ത് -മര്യാപുരം -സാംരാജ് പി. -കോൺ - 455, കുന്നത്തുകാൽ ഗ്രാമപ്പഞ്ചായത്ത് - നിലമാമൂട് - ഷിബുകുമാർ -കോൺ -169, അമ്പൂരി ഗ്രാമപ്പഞ്ചായത്ത് -തുടിയംകോണം - പി. രാജു - കോൺ -149, പാങ്ങോട് ഗ്രാമപ്പഞ്ചായത്ത് -അടപ്പുപാറ -അശ്വതി പ്രദീപ് -കോൺ -190,

കൊല്ലം - കുണ്ടറ ഗ്രാമപ്പഞ്ചായത്ത് -റോഡ് കടവ് -അനിൽകുമാർ സി. -ആർ.എസ്.പി. -104,

പത്തനംതിട്ട -നാറാണംമൂഴി ഗ്രാമപ്പഞ്ചായത്ത് -കക്കുടുമൺ - ആനിയമ്മ അച്ചൻകുഞ്ഞ് -കോൺ -103,

ഇടുക്കി -അടിമാലി ബ്ലോക്ക് പഞ്ചായത്ത് -കൊന്നത്തടി -അമ്പിളി സലിലൻ -കോൺ -522,

എറണാകുളം -മുളന്തുരുത്തി ഗ്രാമപ്പഞ്ചായത്ത് -പെരുമ്പിള്ളി -ജോളി ജോർജ് -കോൺ -161, കളമശ്ശേരി മുനിസിപ്പാലിറ്റി -ഉണിച്ചിറ -ടി.ആർ. വിനോദ് - കോൺ -221,

തൃശ്ശൂർ - കുഴൂർ ഗ്രാമപ്പഞ്ചായത്ത് -കുഴൂർ -നീതാ കൃഷ്ണ -കോൺ -118,

പാലക്കാട് -ഷൊർണൂർ മുനിസിപ്പാലിറ്റി -ഷൊർണൂർ ടൗൺ -പ്രവീൺ -കോൺ -392, പാലക്കാട് മുനിസിപ്പാലിറ്റി -നരികുത്തി - റിസ്‌വാന - ഐ.യു.എം.എൽ. -87,

മലപ്പുറം -നന്നംമുക്ക് ഗ്രാമപ്പഞ്ചായത്ത് -പെരുമ്പാൾ -സാഹിറ -കോൺ -23,

കോഴിക്കോട് -കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് -പൂവാട്ടുപറമ്പ് -നസീബ റായ് -കോൺ 905.

എൽ.ഡി.എഫ്. വിജയിച്ചത്

തിരുവനന്തപുരം -

തിരുവനന്തപുരം ജില്ലാപഞ്ചായത്ത് -മണമ്പൂർ - എസ്. ഷാജഹാൻ - സി.പി.എം. -1921, പോത്തൻകോട് ഗ്രാമപ്പഞ്ചായത്ത്- മണലകം- എൻ. രാജേന്ദ്രൻ - സി.പി.ഐ.-27,

കൊല്ലം -കുളക്കട ഗ്രാമപ്പഞ്ചായത്ത് -മലപ്പാറ -സുനിൽകുമാർ-സി.പി.എം. -198,

പാലക്കാട് -പൂക്കോട്ടുകാവ് ഗ്രാമപ്പഞ്ചായത്ത് -മുന്നൂർക്കോട് നോർത്ത് -രതിമോൾ -സി.പി.എം.- 34, തെങ്കര ഗ്രാമപ്പഞ്ചായത്ത് - മണലടി -സി.എച്ച്. ഷനൂബ് - എൽ.ഡി.എഫ്. -സ്വതന്ത്രൻ) - 270, പല്ലശ്ശന ഗ്രാമപ്പഞ്ചായത്ത് - മഠത്തിൽക്കളം - കെ.കെ. യശോദ - സി.പി.എം. - 54, നെല്ലിയാമ്പതി ഗ്രാമപ്പഞ്ചായത്ത് - പുലയമ്പാറ -മീന വി. - സി.പി.എം.- 99, മലപ്പുറം - മങ്കട ഗ്രാമപ്പഞ്ചായത്ത് - കോഴിക്കോട്ടുപറമ്പ് - സി.പി. നസീറ - സി.പി.ഐ. - 357.

കോഴിക്കോട് - കോട്ടൂർ ഗ്രാമപ്പഞ്ചായത്ത് - പടിയക്കണ്ടി - അനിത പാറക്കുന്നത്ത് - സി.പി.എം. - 255, മേലടി ബ്ലോക്ക് പഞ്ചായത്ത് - തിക്കോടി - സുനിത വി.എം. - സി.പി.എം. - 700,

കാസർകോട് - ബേഡഡുക്ക ഗ്രാമപ്പഞ്ചായത്ത് - കാരക്കാട് - സരസ്വതി എ.ടി. - സി.പി.എം.- 399.

ബി.ജെ.പി. വിജയിച്ചത്

തിരുവനന്തപുരം

കാരോട് ഗ്രാമപ്പഞ്ചായത്ത് - കാന്തള്ളൂർ - കെ. പ്രമോദ് - ബി.ജെ.പി. - 34

Content Highlights: UDF wins in 15 seats, LDF in 11