കണ്ണൂർ: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രി തിരഞ്ഞെടുപ്പിൽ നടന്ന വാശിയേറിയ മത്സരത്തിൽ യു.ഡി.എഫ്. പിന്തുണയുള്ള ഔദ്യോഗിക കോൺഗ്രസ് പാനലിന് വൻ വിജയം. 30 വർഷത്തോളം ആസ്പത്രി പ്രസിഡന്റായിരുന്ന മുൻ കെ.പി.സി.സി. അംഗം മമ്പറം ദിവാകരന്റെ പാനൽ പരാജയപ്പെട്ടു. ഞായറാഴ്ച മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂളിൽ തിരഞ്ഞെടുപ്പ് നടന്ന 12 സീറ്റിലും ഇരുനൂറിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചത്.

ആകെ 13 സീറ്റായിരുന്നു. ജീവനക്കാരുടെ സംവരണസീറ്റിൽ ഡോ. പി.വി.രഞ്ജിത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കി 12 സീറ്റിൽ മൂന്നെണ്ണം വനിതാസംവരണവും ഒന്ന്‌ എസ്.സി. സംവരണവുമാണ്. ആകെ പോൾ ചെയ്ത 1740 വോട്ടിൽ കോൺഗ്രസ് പാനലിൽ മത്സരിച്ച മനോജ് അണിയാരത്തിനാണ് കൂടുതൽ വോട്ട് -1057. മമ്പറം ദിവാകരന്റെ പാനലിൽ ഏറ്റവും കൂടുതൽ വോട്ട് അദ്ദേഹത്തിനാണ്- 743 വോട്ട്.

കോൺഗ്രസിന്റെ പേരിലുള്ള സ്ഥാപനം ദീർഘകാലമായി മമ്പറം ദിവാകരൻ പ്രസിഡന്റായ ഭരണസമിതിയാണ്‌ ഭരിച്ചുകൊണ്ടിരുന്നത്. സംസ്ഥാനത്ത് കോൺഗ്രസിലെ ഏറ്റവും മികച്ച സഹകരണ ആസ്പത്രിയാണ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രി. ഡയറക്ടർ ബോർഡിൽ ഇത്തവണ കോൺഗ്രസ് പ്രതിനിധികളെ ഉൾപ്പെടുത്താത്തതിനെത്തുടർന്ന് ഡി.സി.സി. നേതൃത്വം മമ്പറം ദിവാകരനുമായി ഇടഞ്ഞിരുന്നു. ഒടുവിൽ ഡി.സി.സി. നിശ്ചയിച്ച പാനലിനെതിരെ മത്സരിച്ച മമ്പറം ദിവാകരനെ പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ കെ.പി.സി.സി. പുറത്താക്കി. തുടർന്നാണ് ഡി.സി.സി. ശക്തമായ മത്സരത്തിലൂടെ ആസ്പത്രിഭരണം പിടിച്ചെടുത്തത്.

തിരഞ്ഞെടുപ്പിലൂടെ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ആസ്പത്രിഭരണം പാർട്ടി പിടിച്ചെടുത്തതിൽ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ പ്രവർത്തകരെ അഭിനന്ദിച്ചു. തിങ്കളാഴ്ച രാവിലെത്തന്നെ ഡയറക്ടർ ബോർഡ് യോഗം ചേർന്ന്‌ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കും. ഡി.സി.സി. സെക്രട്ടറി കെ.പി.സാജു പ്രസിഡന്റാവും.