കായംകുളം: 80 വയസ്സുകഴിഞ്ഞ സ്ത്രീയെ വീട്ടിലെത്തി ഉദ്യോഗസ്ഥർ തപാൽവോട്ട് ചെയ്യിക്കുന്നതിനിടെ ക്ഷേമപെൻഷൻ നൽകാനെത്തിയയാൾ വോട്ടറെ സ്വാധീനിക്കാൻ ശ്രമിച്ചെന്നു പരാതി. ഇതുമായി ബന്ധപ്പെട്ട്, പെൻഷൻ വിതരണത്തിനെത്തിയ സഹകരണ ബാങ്ക് കളക്‌ഷൻ ഏജന്റിനെ സസ്പെൻഡ് ചെയ്ത് കളക്ടർ എ. അലക്സാണ്ടർ ഉത്തരവിട്ടു.

കായംകുളം വില്ലേജ് സർവീസ് സഹകരണ ബാങ്കിലെ കളക്‌ഷൻ ഏജന്റ് സി.എസ്. സുഭാഷിനെയാണ് തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് സസ്പെൻഡ് ചെയ്തത്. വരണാധികാരിയുടെ റിപ്പോർട്ട് അനുസരിച്ചാണ് കളക്ടറുടെ നടപടി. വോട്ടുചെയ്യിക്കാനെത്തിയ ഉദ്യോഗസ്ഥരടെ പേരിൽ നടപടിയില്ല. അവരെ കുറ്റവിമുക്തരാക്കുന്ന തരത്തിലുള്ള റിപ്പോർട്ടാണ് വരണാധികാരി നൽകിയതെന്ന് ആക്ഷേപമുണ്ട്.

കായംകുളം മണ്ഡലത്തിലെ 77-ാം നമ്പർ ബൂത്തിലെ ചേരാവള്ളി തോപ്പിൽ വീട്ടിലെ കമലാക്ഷിയമ്മയുടെ വോട്ട് ചെയ്യിക്കുന്നതിനിടെയാണു സംഭവം. ചൊവ്വാഴ്ചയാണു വോട്ട് ചെയ്യിക്കാനായി ഉദ്യോഗസ്ഥർ വീട്ടിലെത്തിയത്. ഇതേസമയം, ബാങ്ക് കളക്‌ഷൻ ഏജന്റും വോട്ടർക്കു ക്ഷേമപെൻഷൻ നൽകാൻ വീട്ടിലെത്തി. പെൻഷൻതുക നൽകുന്നതോടൊപ്പം വോട്ടറെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചില്ലെന്നുമാണു പരാതി. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു സംഭവം വിവാദമായത്.

യു.ഡി.എഫ്. സ്ഥാനാർഥിയുടെ ചീഫ് തിരഞ്ഞെടുപ്പ് ഏജൻറ്‌ യു. മുഹമ്മദും എൻ.ഡി.എ.യുടെ ചീഫ് ഏജൻറ് പാലമുറ്റത്ത് വിജയകുമാറും പരാതി നൽകിയതിനെത്തുടർന്ന് കളക്ടർ വരണാധികാരി ബിനൻ വാഹിദിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

വീട്ടുകാരെ കണ്ടു സംസാരിച്ച് വരണാധികാരി കളക്ടർക്ക് റിപ്പോർട്ട് നൽകി. പെൻഷൻ നൽകിക്കഴിഞ്ഞാണു വോട്ടുചെയ്യിക്കാനെത്തിയതെന്നും ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ നിസ്സഹായരായിരുന്നുവെന്നുമാണു റിപ്പോർട്ടിലെ ഉള്ളടക്കമെന്നറിയുന്നു. പെൻഷൻ വിതരണത്തെക്കുറിച്ച് ബി.എൽ.ഒ.യ്ക്ക് അറിവുണ്ടായിരുന്നില്ലെന്നും പറയുന്നു.