കട്ടപ്പന: 26-ന് ഇടുക്കി ജില്ലയിൽ ഹർത്താൽ നടത്താൻ യു.ഡി.എഫ്. ആഹ്വാനം. 15 സെന്റിന് മുകളിലും 15000 സ്ക്വയർഫീറ്റിന് മുകളിലുമുള്ള നിർമാണങ്ങൾ ഭൂമിയുടെ പട്ടയം റദ്ദ്‌ ചെയ്ത് ഏറ്റെടുക്കുമെന്നും ഇടുക്കിയിൽ നിർമാണങ്ങൾക്ക് റവന്യൂവകുപ്പിന്റെ നിരാക്ഷേപപത്രം വേണമെന്നുമുള്ള ഉത്തരവുകൾക്കെതിരേയാണ് പ്രതിഷേധം.

ഇതേ ആവശ്യമുന്നയിച്ച് ശനിയാഴ്ച കട്ടപ്പനയിൽ നടത്തിയ ബഹുജനധർണയിലാണ് ജില്ലാ ചെയർമാൻ അഡ്വ. എസ്.അശോകൻ, കൺവീനർ അഡ്വ. അലക്സ് കോഴിമല, ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ എന്നിവർ ഹർത്താൽ പ്രഖ്യാപിച്ചത്.

1964-ലെ നിയമപ്രകാരം പട്ടയം ലഭിച്ച ഭൂമിയിൽ കൃഷി ചെയ്യാനും വീട് നിർമിക്കാനും മാത്രമേ കഴിയൂ. മറ്റൊരു ജില്ലയിലും ബാധകമല്ലാത്ത വ്യവസ്ഥ ഇടുക്കി ജില്ലയ്ക്ക് മാത്രം ബാധകമാക്കിയാണ് ഉത്തരവിറങ്ങിയതെന്നും യു.ഡി.എഫ്. നേതാക്കൾ പറയുന്നു. എല്ലാ സർക്കാർ വകുപ്പുകളുടെയും നിയമാനുസൃതമായ അനുമതിയോടെ ഇതുവരെ നടത്തിയ നിർമ്മാണങ്ങളെല്ലാം ഉത്തരവ്‌ പ്രകാരം അനധികൃതമാകുമെന്നും അവർ പറയുന്നു.

content highlights: udf calls for hartal in idukki on october 26