മലപ്പുറം: വിലയിരുത്തലുകള്‍ പിഴച്ചില്ല. യു.ഡി.എഫിന്റെ ഉരുക്കുകോട്ടയില്‍ വീണ്ടും വിള്ളല്‍. കോണ്‍ഗ്രസിനും ലീഗിനും തിരിച്ചടി ഒരുപോലെ. ആര്യാടന്‍ മുഹമ്മദിന്റെ തട്ടകത്തില്‍ പിന്തുടര്‍ച്ചാവകാശത്തിനേറ്റ തോല്‍വി സര്‍വപ്രതീക്ഷകളെയും തകിടംമറിച്ചു. ഇതുവരെ കടപുഴകാത്ത താനൂര്‍ സ്വതന്ത്രവേലിയേറ്റത്തില്‍ പിഴുതുവീണു.

മലപ്പുറത്ത് പ്രത്യേകിച്ച് നിലമ്പൂരില്‍ കോണ്‍ഗ്രസെന്നാല്‍ ആര്യാടന്‍ മുഹമ്മദ് എന്നായിരുന്നു സമവാക്യം. കഴിഞ്ഞ വിജയത്തിനുശേഷം ഇനി രംഗത്തില്ലെന്നു പ്രഖ്യാപിച്ച അദ്ദേഹത്തിന് പിന്‍ഗാമിയെത്തേടി ചര്‍ച്ചകള്‍ അന്നുമുതലുണ്ടായി. പല പേരുകളും പറഞ്ഞുകേട്ടെങ്കിലും അവസാനം ആര്യാടന്‍ ഷൗക്കത്തിനായി നിയോഗം. നാല്‍പ്പതുവര്‍ഷം പിതാവ് കൈയടക്കിവെച്ച സീറ്റ് പുത്രന് കൈമാറുന്നതിനെപ്പറ്റി വിമര്‍ശങ്ങളുയര്‍ന്നു.
 
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും അര്‍ഹരെ തഴഞ്ഞൂവെന്ന വികാരം ശക്തമായിരുന്നു. ഇടതുപക്ഷത്തെ സ്വതന്ത്രനായി പല വിഭാഗങ്ങളിലും സ്വാധീനമുള്ള പി.വി. അന്‍വറുംകൂടി എത്തിയതോടെ ഓരോവോട്ടും വിലയേറിയതായി. എങ്കിലും നിലമ്പൂര്‍ ഇതുവരെ കണ്ടിട്ടുള്ള ആര്യാടന്‍ ഇഫക്ട് ഇത്തവണയുമുണ്ടാകുമെന്ന് യു.ഡി.എഫ്. കണക്കുകൂട്ടി. സാധാരണ പിണക്കം ഭാവിക്കാറുള്ള ലീഗാകട്ടെ ഷൗക്കത്തിനുപിന്നില്‍ ഉറച്ചുനിന്നു. കോണ്‍ഗ്രസിലും സമുദായ സമവാക്യങ്ങളിലുമുള്ള ക്രമം അട്ടിമറിക്കാന്‍ അന്‍വറിന് കഴിഞ്ഞൂവെന്നാണ് ഫലം തെളിയിക്കുന്നത്.

താനൂരിലെ വിജയി വി. അബ്ദുറഹിമാനാണ് ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവുംകൂടുതല്‍ കാലം പ്രചാരണം നടത്തിയത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ വീരോചിതമായി തോറ്റശേഷം താനൂര്‍ കേന്ദ്രമാക്കി കരുക്കള്‍ നീക്കിത്തുടങ്ങി. കുടിവെള്ളവിതരണം, നിത്യോപയോഗ സാധനങ്ങളുടെ ആദായവില്‍പ്പന എന്നിവ തീരപ്രദേശത്ത് വലിയ പ്രതിച്ഛായയാണുണ്ടാക്കിയത്.
 
ആ അടിത്തറയിലാണ് അബ്ദുറഹിമാന്‍ രണ്ടത്താണിയുടെ വികസനനേട്ടങ്ങളെ അദ്ദേഹം മറികടന്നത്. മാറ്റങ്ങള്‍ക്കുള്ള ആഗ്രഹമാണ് സമ്മതിദായകര്‍ ആഗ്രഹിച്ചതെന്നാണ് വിധി വ്യക്തമാക്കുന്നത്. മഞ്ഞളാംകുഴി അലി, കെ.ടി. ജലീല്‍ എന്നിവരില്‍ തുടങ്ങിയ ഇടതുപരീക്ഷണത്തിന്റെ ഏറ്റവും പുതിയ സഫലമാതൃകകളാവുകയാണ് അന്‍വറും അബ്ദുറഹിമാനും.