കൊല്ലം : എൽ.ഡി.എഫിന് തുടർഭരണം കിട്ടിയെന്നുകരുതി കേരളത്തിൽ യു.ഡി.എഫും ബി.ജെ.പി.യും ദുർബലമായെന്ന നിഗമനം പാടില്ലെന്ന് സി.പി.എം. സംസ്ഥാന നേതൃത്വം. രണ്ടു വിഭാഗങ്ങളെയും അനുകൂലിക്കുന്നവരെ പാർട്ടിയിലേക്ക് അടുപ്പിക്കണമെന്നും കീഴ്ഘടകങ്ങളോട് നിർദേശിച്ചു.

തിരഞ്ഞെടുപ്പിൽ മുന്നേറാൻ സാധിച്ചെങ്കിലും കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫിന്റെ ശക്തി അംഗീകരിക്കണം. യു.ഡി.എഫിന്റെ വോട്ട് പങ്ക് 2016-ലേതിനെ അപേക്ഷിച്ച് അല്പം വർദ്ധിക്കുകയായിരുന്നു. മുസ്‌ലിം സമുദായത്തിൽ വലിയ സ്വാധീനമുള്ള മുസ്‌ലിം ലീഗ് യു.ഡി.എഫിലാണ്. യു.ഡി.എഫിനെ അനുകൂലിക്കുന്ന വിഭാഗങ്ങളെ ആകർഷിച്ച്, പാർട്ടിയുടെ അടിത്തറ വിപുലമാക്കണമെന്നാണ് സി.പി.എം. അണികളോട് പറയുന്നത്.

വർഗീയ ധ്രുവീകരണത്തിലൂടെയും കേന്ദ്രത്തിലെ അധികാരവും പണവും ഉപയോഗിച്ചും കേരളത്തിൽ ചുവടുറപ്പിക്കാൻ ബി.ജെ.പി. ശ്രമിക്കുന്നുണ്ട്. എന്നാൽ മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അവരുടെ വോട്ടുപങ്ക് കുറയുകയും ഏക സീറ്റ് നഷ്ടമാവുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ബി.ജെ.പി. കാര്യമായി ദുർബലപ്പെട്ടു എന്ന നിഗമനത്തിലെത്തരുതെന്നും സി.പി.എം. മുന്നറിയിപ്പുനൽകി.

ഹിന്ദുമതത്തിലെ ചില സാമൂഹികശക്തികൾ തങ്ങളുടെകൂറ് ബി.ജെ.പി.യിലേക്ക് മാറ്റുകയാണെന്നും പാർട്ടി വിലയിരുത്തുന്നു. ബി.ജെ.പി.യെ അനുകൂലിച്ചുകൊണ്ടിരുന്ന സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർ അവരിൽനിന്ന് അകലുകയാണ്. ഇത്തരം വിഭാഗങ്ങൾ യു.ഡി.എഫിലേക്ക് നീങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണം. ബി.ജെ.പി.യുടെ പുതിയ സ്വാധീനമേഖലകളെ ശ്രദ്ധയോടെ പരിശോധിക്കണമെന്നും അത് തടയാനുള്ള നടപടി കൈക്കൊള്ളണമെന്നും സി.പി.എം. നിർദേശിക്കുന്നു.

മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്ന് കൂടുതൽപ്പേരെ പാർട്ടിയിലെത്തിക്കാൻ ശ്രദ്ധപതിപ്പിക്കണമെന്നാണ് മറ്റൊരു പ്രധാന നിർദേശം. മുസ്‌ലിം ഇടത്തരക്കാർ ഉൾപ്പെടെ പുതിയവിഭാഗങ്ങൾ പാർട്ടിയിലേക്ക് വരുന്നുണ്ട്. അവരിൽ ഏറ്റവും മെച്ചപ്പെട്ടവരെ പാർട്ടി അംഗങ്ങളാക്കി മാറ്റാൻ നടപടി കൈക്കൊള്ളണമെന്നും ക്രൈസ്തവ സമുദായത്തിൽനിന്ന് കൂടുതൽപ്പേരെ ഒപ്പംകൊണ്ടുവരണമെന്നും കീഴ്‌ഘടകങ്ങളോട് പറഞ്ഞിട്ടുണ്ട്.