ശബരിമല/തിരുവനന്തപുരം: ഏതുപ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിവന്ന് മൂന്നുമാസത്തിനുശേഷം ശബരിമലയിൽ യുവതികൾ ആദ്യമായി ദർശനം നടത്തി. കോഴിക്കോട് എടക്കുളം സ്വദേശി ബിന്ദു അമ്മിണി (41), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കനകദുർഗ (42) എന്നിവരാണ് ബുധനാഴ്ച പുലർച്ചെ പോലീസ് സുരക്ഷയിൽ ദർശനം നടത്തിയത്. വിവരം പുറത്തുവന്നതോടെ തന്ത്രിയുടെ നിർദേശപ്രകാരം ഒരുമണിക്കൂറോളം നടയടച്ച് ശുദ്ധിക്രിയകൾ നടത്തി. നടയടയ്ക്കാൻ നിർദേശിച്ച തന്ത്രിയുടെ നടപടിക്കെതിരേ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇടതുമുന്നണി നേതാക്കളും രംഗത്തെത്തി. നടയടയ്ക്കാനുള്ള അധികാരം തന്ത്രിക്കില്ലെന്ന് കടകംപള്ളിയും സുപ്രീംകോടതിവിധിയുടെ ലംഘനമാണിതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.

Chandran Unnithan
ചന്ദ്രന്‍  ഉണ്ണിത്താന്‍

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചുവെന്ന വാര്‍ത്ത പുറത്തറിഞ്ഞതോടെ സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധവും അക്രമവും നടന്നു. ശബരിമല കര്‍മസമിതി പന്തളത്ത് നടത്തിയ പ്രതിഷേധത്തിനിടെ കല്ലേറില്‍ പരിക്കേറ്റ കുരമ്പാല കുറ്റിയില്‍ ചന്ദ്രന്‍  ഉണ്ണിത്താന്‍ (55) മരിച്ചു. തിരുവല്ല സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാത്രിയോടെയാണ് മരിച്ചത്. സിപിഎമ്മുകാരാണ് കല്ലെറിഞ്ഞതെന്നാണ് ആരോപണം. 

തിരുവനന്തപുരത്ത് ബിജെപി - സിപിഎം പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം ഏറ്റുമുട്ടി. പലയിടത്തും ദേശീയപാത ഉള്‍പ്പെടെ ഉപരോധിച്ചു. പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കടകളും ബസുകളും ആക്രമിച്ചു. ശബരിമല കർമസമിതി, ബി.ജെ.പി., വിശ്വഹിന്ദു പരിഷത്ത് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

സന്നിധാനത്തെത്തിയത് പുലർച്ചെ മൂന്നരയ്ക്ക്

ബുധനാഴ്ച വെളുപ്പിന് 12.45-ഓടെയാണ് ബിന്ദുവും കനകദുർഗയും പമ്പയിൽ എത്തിയത്. ഒന്നരയോടെ മഫ്തിയിലുള്ള പോലീസിന്റെ അകമ്പടിയിൽ കറുത്ത വസ്ത്രം ധരിച്ച്, ഇരുമുടിക്കെട്ടില്ലാതെ, മുഖംമറച്ച് മലകയറി. മൂന്നരയോടെ സന്നിധാനത്തെത്തി. പന്പയിൽനിന്ന് സന്നിധാനത്തെ ആശുപത്രിയിലേക്കുള്ള ആംബുലൻസിലാണ് ഇവരെ എത്തിച്ചതെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ശബരിമല ഡ്യൂട്ടിക്കില്ലാത്ത, കണ്ണൂരിൽനിന്നുള്ള മൂന്നു പോലീസുകാരാണ് ദർശനത്തിന് അകന്പടിപോയത്.

3.48-ന് ദേവസ്വം ജീവനക്കാർക്കുള്ള ഗേറ്റ് വഴി ഇരുവരെയും പോലീസ് സോപാനത്ത് എത്തിച്ചു. 3.53-നായിരുന്നു ദർശനം. പിന്നീട് പോലീസ് അകമ്പടിയിൽത്തന്നെ മലയിറക്കി പമ്പയിലും തുടർന്ന് നിലയ്ക്കലും എത്തിച്ചു. നിലയ്ക്കലിൽനിന്ന് മടങ്ങിയ വഴിയിലും ഇവർക്ക് സുരക്ഷനൽകി. ശബരിമലയിലേക്കുള്ള യാത്രയിൽ ആരും ഇവരെ തിരിച്ചറിഞ്ഞില്ല. ഒരിടത്തും പ്രതിഷേധവും നേരിടേണ്ടിവന്നില്ല.

ഭക്തരെ മാറ്റി നടയടച്ചു

യുവതീപ്രവേശം ആചാരലംഘനമായി കണക്കാക്കി രാവിലെ 10.30-നാണ് നടയടച്ചത്. പതിനെട്ടാംപടി കയറാൻനിന്ന ഭക്തരെയും സോപാനത്ത് ദർശനത്തിന് കാത്തുനിന്നവരെയും പോലീസ് മാറ്റി. ഒരുമണിക്കൂർ നീണ്ട ശുദ്ധിക്രിയകൾക്കുശേഷം 11.25-ഓടെ നട തുറന്ന് വീണ്ടും ദർശനം അനുവദിച്ചു.

10-നും 50-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ശബരിമലയിൽ ദർശനം നടത്തുന്നതിനുണ്ടായിരുന്ന വിലക്ക് കഴിഞ്ഞ സെപ്റ്റംബർ 28-ന് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് നീക്കിയിരുന്നു. ഇതിനുശേഷം ആദ്യമായാണ് യുവതികൾ ദർശനം നടത്തുന്നത്.

തലശ്ശേരി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസറായ ബിന്ദുവും സുഹൃത്ത് കനകദുർഗയും ഡിസംബർ 24-ന് ശബരിമല ദർശനത്തിന് വന്നിരുന്നു. അന്ന് മരക്കൂട്ടം കടന്ന് സന്നിധാനത്തിന് അടുത്ത് ചന്ദ്രാനന്ദൻ റോഡുവരെ എത്തിയെങ്കിലും കനത്ത പ്രതിഷേധംകാരണം പോലീസ് തന്നെ നിർബന്ധിച്ച് മലയിറക്കുകയായിരുന്നു. വീണ്ടും ശബരിമലയിലേക്ക് വരുമെന്ന് അന്ന് ബിന്ദു പറഞ്ഞിരുന്നു.

സുപ്രീംകോടതിയുടെ ഉത്തരവിനെത്തുടർന്ന് തുലാമാസപൂജമുതൽ ഇതുവരെ ഇരുപതോളം യുവതികൾ ശബരിലമല കയറാൻ വന്നിരുന്നു. നിലയ്ക്കൽമുതൽ വലിയ നടപ്പന്തൽവരെ യുവതികൾ എത്തിയിരുന്നെങ്കിലും പ്രതിഷേധം കാരണം മടങ്ങുകയായിരുന്നു.

പുറത്തറിഞ്ഞത് ഏഴരയ്ക്ക്

Sabarimala womenയുവതികൾ ദർശനം നടത്തിയ വിവരം രാവിലെ ഏഴരയോടെയാണ് പുറത്തുവന്നത്. സന്നിധാനത്ത് സുരക്ഷാച്ചുമതലയുള്ള ഉന്നത പോലീസുദ്യോഗസ്ഥർപോലും ആദ്യം ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറായില്ല. പത്തുമണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം സ്ഥിരീകരിച്ചു. അതോടെ സന്നിധാനത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കാൻ പോലീസും ദേവസ്വം ബോർഡ് അധികൃതരും തയ്യാറായി. പരിശോധനയിൽ ദൃശ്യങ്ങൾ കണ്ടതോടെ തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരിയും തുടർകാര്യങ്ങൾ ചർച്ചചെയ്തു. തുടർന്നാണ് ശുദ്ധിക്രിയക്കായി നട അടച്ചത്.

കടകളടപ്പിച്ചു, മന്ത്രിമാരെയും തടഞ്ഞു

* തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ ബി.ജെ.പി.-യുവമോർച്ച പ്രവർത്തകർ സി.പി.എം. അനുഭാവികളുമായി ഏറ്റുമുട്ടി. നാലുമണിക്കൂറോളം സെക്രട്ടേറിയറ്റിന് മുൻവശം സംഘർഷഭൂമിയായി. കണ്ണീർവാതകവും ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചാണ് പോലീസ് ഇരുകൂട്ടരെയും പിന്തിരിപ്പിച്ചത്.

* പോലീസിന് നേരെയും കല്ലേറ്

കൊല്ലം കരുനാഗപ്പള്ളിയിൽ പോലീസ് ജീപ്പ് പ്രതിഷേധക്കാർ തകർത്തു. അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു. ഒരാളുടെ കൈ ഒടിയുകയും തലയ്ക്ക് മുറിവേൽക്കുകയും ചെയ്തു. കടകൾ ബലമായി അടപ്പിച്ചു. ചില്ലുകൾ എറിഞ്ഞുടച്ചു.

* ശബരിമല ദർശനം നടത്തിയ യുവതികൾ വാഹനത്തിൽ വരുന്നുണ്ടെന്ന പ്രചാരണത്തെത്തുടർന്ന് തൃശ്ശൂർ പാലിയേക്കര ടോൾബൂത്തിൽ ഒന്നരമണിക്കൂർ കർമസമിതി പ്രവർത്തകർ വാഹനങ്ങൾ പരിശോധിച്ചു.

* കൊടുങ്ങല്ലൂരിൽ രാവിലെ 11-നുശേഷം ഹർത്താൽ. വടക്കാഞ്ചേരിയിൽ സി.പി.എം. ഏരിയാകമ്മിറ്റി ഓഫീസിനുനേരെ കല്ലേറ്്‌.

* മന്ത്രിമാർക്കുനേരെയും പ്രതിഷേധം. ഗുരുവായൂരിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ യുവമോർച്ച സംഘം കരിങ്കൊടികാട്ടി തടഞ്ഞു. പാലക്കാട്ട് മന്ത്രി എ.കെ. ബാലൻ താമസിച്ചിരുന്നു കെ.എസ്.ഇ.ബി. യുടെ ഇൻസ്പെക്ഷൻ ബംഗ്ലാവിനുനേരെ ആക്രമണം. കണ്ണൂർ ഇരിട്ടിയിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടാൻ ശ്രമിച്ചു.

ഇന്ന് ഹർത്താലിന് ആഹ്വാനം, ബി.ജെ.പി. പിന്തുണ

ശബരിമല കർമസമിതി വ്യാഴാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല കോട്ടയത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു പാൽ, പത്രം, വിവാഹം, മരണം, അടിയന്തര യോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട യാത്രകളെയും തീർഥാടകരെയും ഹർത്താലിൽനിന്ന്‌ ഒഴിവാക്കി.

ഹർത്താലിന് ബി.ജെ.പി. പിന്തുണ പ്രഖ്യാപിച്ചു. പ്രതിഷേധവും ഹർത്താൽ ആചരണവും സമാധാനപരമായിരിക്കണമെന്നും ബി.ജെ.പി. സംസ്ഥാനകമ്മിറ്റി അഭ്യർഥിച്ചു. വ്യാഴാഴ്ച കരിദിനമാചരിക്കാൻ യു.ഡി.എഫും തീരുമാനിച്ചിട്ടുണ്ട്.

content highlights: Two women enter sabarimala, Violence spread across Kerala, Attack against media