കൊട്ടിയം (കൊല്ലം) : മയ്യനാട് ആലുംമൂട്ടിൽ ദളിത് യുവാവിനെ വീട്ടിൽനിന്നു വിളിച്ചിറക്കിക്കൊണ്ടുപോയി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ സഹോദരീഭർത്താവിനെയും സുഹൃത്തിനെയും കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു.

മയ്യനാട് തെക്കുംകര കുളങ്ങരപുത്തൻവീട്ടിൽ അനീഷ് (32), പുല്ലിച്ചിറ ആലുംമൂട് പണ്ടാരയിൽ തെക്കതിൽ സന്തോഷ് (34) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ അനീഷ് മരിച്ച യുവാവിന്റെ സഹോദരീഭർത്താവാണ്.

ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് മയ്യനാട് തെക്കുംകര ആലുംമൂട് ആതിരാഭവനിൽ അനിൽകുമാറി(23)നെ അറസ്റ്റിലായ സന്തോഷിന്റെ വീട്ടിൽവെച്ച് അടിച്ചു കൊലപ്പെടുത്തിയത്. അനിലിന്റെ ശരീരത്തിൽ നാൽപ്പതിലേറെ മാരകമായ പരിക്കുകളാണുള്ളത്. വെട്ടിയൊരുക്കി സൂക്ഷിച്ചുവെച്ചിരുന്ന പേരമരത്തിന്റെ വലിയ കമ്പുകൾകൊണ്ടായിരുന്നു ആക്രമണം. ആദ്യം കാലുകൾ രണ്ടും അടിച്ചൊടിച്ചു വീഴ്ത്തിയശേഷം ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ അനിൽകുമാർ മരിച്ചു. സന്തോഷിനൊപ്പമുള്ള ദീപയെന്ന യുവതിയാണ് സംഭവം പോലീസിൽ വിളിച്ചറിയിക്കുന്നത്. പോലീസ്‌ എത്തി ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സമീപത്ത് താമസിക്കുന്നവർക്കുപോലും പുറത്തിറങ്ങാനാകാത്തവിധം ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു കൊലപാതകം നടത്തിയത്.

ഒളിവിൽ പോകാൻ തയ്യാറെടുക്കവെയാണ് ഇരുവരും പോലീസിന്റെ പിടിയിലായത്. പിടിയിലായ പ്രതികളെ ചാത്തന്നൂർ എ.സി.പി. ജോർജ് കോശിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.

സന്തോഷിനും അനീഷിനും മയക്കുമരുന്നു സംഘങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും തെളിവെടുപ്പിനുമായി ഇരുവരെയും കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. എസ്.ഐ.മാരായ അനിൽകുമാർ, സുരേന്ദ്രൻ, അഷ്ടമൻ, മാത്യു വർഗീസ്, ഷഹാൽ, സുരേഷ്‌കുമാർ, എ.എസ്.ഐ.മാരായ സുനിൽകുമാർ, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Content Highlights: two were arrested for beaten to death dalit man