തിരുവനന്തപുരം\കണ്ണൂർ: ചന്ദ്രയാൻ-2 ചന്ദ്രനിലിറങ്ങുന്ന ചരിത്രനിമിഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമിരുന്നു കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് തിരുവനന്തപുരം ഹോളിഏഞ്ചൽസ് ഐ.എസ്.സി. സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനി ശിവാനി എസ്. പ്രഭുവും കണ്ണൂർ ആർമി പബ്ലിക് സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥി അഹമ്മദ് തൻവീറും. ഓൺലൈൻ പ്രശ്‌നോത്തരിയിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഐ.എസ്.ആർ.ഒ. തിരഞ്ഞെടുത്ത 70 വിദ്യാർഥികളിൽ കേരളത്തിൽ നിന്നുള്ളവരാണിവർ. ബെംഗളൂരുവിലെ ഐ.എസ്.ആർ.ഒ.യുടെ ട്രാക്കിങ് സെന്ററായ ഇസ്ട്രാക്കിലിരുന്നാണ് ഇവർ ചന്ദ്രയാൻദൗത്യം കാണുക.

പത്ത് മിനിറ്റുകൊണ്ട് ബഹിരാകാശത്തെക്കുറിച്ചും റോക്കറ്റ് സയൻസിനെക്കുറിച്ചുമുള്ള 20 ചോദ്യങ്ങൾക്ക് ഉത്തരംനൽകേണ്ട പ്രശ്‌നോത്തരിയിലാണ് ഇവർ വിജയിച്ചത്. അച്ഛൻ എൻ. ശ്രീനിവാസനെപ്പോലെ ഐ.എസ്.ആർ.ഒ.യിൽ പ്രവർത്തിക്കണമെന്നാണ് ശിവാനിയുടെ ആഗ്രഹം. തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിലെ പ്രൊപ്പൽഷൻ ഗ്രൂപ്പ് എൻജിനിയർ എൻ. ശ്രീനിവാസന്റെയും ജി.രേഖയുടെയും മകളാണ്. സഹോദരി ശ്രേയ എസ്.പ്രഭു പാലക്കാട് ഐ.ഐ.ടിയിലെ വിദ്യാർഥിനിയാണ്.

വിജയമുഹൂർത്തത്തിൽ പങ്കാളിയാകാൻ അപ്രതീക്ഷിതമായി അവസരം കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് അഹമ്മദ് തൻവീർ. തിങ്കളാഴ്ചകളിൽ ‘മാതൃഭൂമി’ പ്രസിദ്ധപ്പെടുത്തുന്ന വിദ്യാഭ്യാസപേജായ ദിശയിൽനിന്നാണ് അഹമ്മദ് തൻവീർ പ്രശ്നോത്തരിയെപ്പറ്റി മനസ്സിലാക്കിയത്.

കണ്ണൂർ ഡിഫൻസ് അക്കൗണ്ട്‌സ് ഓഫീസിൽ സീനിയർ അക്കൗണ്ടന്റായ മലപ്പുറം വള്ളിക്കുന്ന് സ്വദേശി ആയിഷാബിയുടെയും കണ്ണൂരിൽ സ്വകാര്യ ആർക്കിടെക്റ്റ് സ്ഥാപനത്തിൽ ജോലിചെയ്യുന്ന കോഴിക്കോട് കുരുവട്ടൂർ സ്വദേശി അബ്ദുൾസലാമിന്റെയും മകനാണ് അഹമ്മദ് തൻവീർ. സഹോദരി ഫാത്തിമാഷബ്‌നം പള്ളിക്കുന്ന് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്.

Content Highlights: two students from kerala will be attend live watching of chandrayaan 2 landing with pm modi