കോവളം: നിയന്ത്രണംവിട്ട ബൈക്ക് ബൈപ്പാസിലെ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ്, ബൈക്ക് യാത്രക്കാരായ രണ്ടുപേരും മരിച്ചു. പാലോട് പച്ച പാലുവള്ളിയിൽ മോഹനചന്ദ്രന്റെ മകൻ ആദർശ്(20), കല്ലറ പാങ്ങോട് റാസി മൻസിലിൽ കുഞ്ഞാമീന്റെയും ഷീജയുടെയും മകനായ മുഹമ്മദ് റാസി(20) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് കോവളത്തിനും പനത്തുറയ്ക്കുമിടയിലുള്ള തോപ്പുംപടി ബൈപ്പാസിലായിരുന്നു അപകടം. കോവളം ഭാഗത്തുനിന്ന് തിരുവല്ലം ഭാഗത്തേക്ക് പോകവെ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി ബൈപ്പാസിലെ ഡിവൈഡറൽ ഇടിച്ചുമറിയുകയായിരുന്നു. ബോധരഹിതരായ ഇരുവരെയും അതുവഴി വന്ന യാത്രക്കാർ എടുത്ത് ഡിവൈഡറിലെ പുൽത്തകിടിയിൽ കിടത്തിയശേഷം പോലീസിൽ അറിയിക്കുകയായിരുന്നു.

ഇരുവരെയും തിരുവല്ലം പോലീസ് ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. എന്നാൽ ആദർശ് മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റാസിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രാത്രി എട്ടോടെ മരിച്ചു. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ട ബൈക്ക് തിരുവല്ലം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ.യിലെ വിദ്യാർഥികളായിരുന്നു ഇരുവരും. അവസാനവർഷ പരീക്ഷയിൽ രണ്ടുപേർക്കും ഓരോ വിഷയങ്ങൾ ജയിക്കാനുണ്ടായിരുന്നു. ഇതിനായി പ്രാവച്ചമ്പലത്തെ സെന്ററിൽ പരീക്ഷയെഴുതിയശേഷം കോവളംവഴി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. റിയാസാണ് മരിച്ച മുഹമ്മദ് റാസിയുടെ സഹോദരൻ. കേസെടുത്തതായി തിരുവല്ലം എസ്.ഐ. ബിപിൻ പ്രകാശ് അറിയിച്ചു.

Content highlights: Two students died in bike accident trivandrum