കോട്ടയ്ക്കൽ: വാഹനപരിശോധനയിൽ പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങൾ മറിച്ചുവിറ്റ രണ്ടു പോലീസുകാർ അറസ്റ്റിൽ. കോട്ടയ്ക്കൽ പോലീസ് സ്‌റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ രജീന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സജി അലക്‌സാണ്ടർ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും സർവീസിൽനിന്ന് സസ്‌പെൻഡുചെയ്തു. ഏപ്രിൽ 21-ന് വാഹനപരിശോധനയ്ക്കിടെ പിടികൂടി സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഹാൻസ് പായ്ക്കറ്റുകളാണ് 1,20,000 രൂപയ്ക്കു മറിച്ചുവിറ്റത്. കോടതിയിൽ ഹാജരാക്കിയശേഷം നശിപ്പിക്കാൻ പോലീസിനെ തിരിച്ചേൽപ്പിച്ചതായിരുന്നു ഇവ.

ജില്ലയിലെ വിവിധയിടങ്ങളിൽ വിൽക്കാൻ തമിഴ്‌നാട്ടിൽനിന്നു കൊണ്ടുവന്നതാണ് 14 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന 48,000 ഹാൻസ് പായ്ക്കറ്റുകൾ. മിനി വാനിൽ 32 ചാക്കുകളിലായി ഹാൻസ് കടത്തിയ വളാഞ്ചേരി വൈക്കത്തൂർ കരപ്പറമ്പ് അബ്ദുൾനാസർ (43), കട്ടിപ്പാല കരപ്പറമ്പ് അഷ്‌റഫ് (28) എന്നിവർ അറസ്റ്റിലുമായി. ഇവരുടെ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വാഹനം വിട്ടുകൊടുക്കാനും പിടിച്ച ഹാൻസ് നശിപ്പിക്കാനും കഴിഞ്ഞ ഒൻപതിനു കോടതി ഉത്തരവിട്ടു.

നശിപ്പിക്കാനായി കോടതി തിരിച്ചേൽപ്പിച്ച ഹാൻസ് പായ്ക്കറ്റുകൾ റഷീദ് എന്ന ഏജന്റുമുഖേന മറിച്ചുവിറ്റതിനാണ് പോലീസുകാർ അറസ്റ്റിലായത്. സംശയം തോന്നാതിരിക്കാൻ കാലാവധി കഴിഞ്ഞ ഹാൻസ് പായ്ക്കറ്റുകളും ചാക്കുകളും നിറച്ച ചാക്കുകൾ ഇവർ പകരം വെച്ചിരുന്നതായും കേസ് അന്വേഷിച്ച മലപ്പുറം ഡി.സി.ആർ.ബി. ഡിവൈ.എസ്.പി. എം.പി. മോഹനചന്ദ്രൻ പറഞ്ഞു.

ഹാൻസ് കടത്തിയതിന് അറസ്റ്റിലായ അബ്ദുൾനാസറും അഷ്‌റഫുമാണ് പോലീസുകാർ ഹാൻസ് വിൽക്കുന്നതിനായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ രേഖകൾസഹിതം ജില്ലാപോലീസ് മേധാവിയെ അറിയിച്ചത്. തുടർന്ന് സംഭവം അന്വേഷിക്കാൻ ഡിവൈ.എസ്.പി. മോഹനചന്ദ്രനെ ജില്ലാപോലീസ് മേധാവി ചുമതലപ്പെടുത്തി. പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കി.

പിടിക്കുന്ന ലഹരിയുത്പന്നങ്ങൾ എന്തുചെയ്യണം?

ഹാൻസ് പോലുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ ആണെങ്കിൽ കോടതിയുടെ നിർദേശപ്രകാരം പോലീസിനുതന്നെ നശിപ്പിക്കാം. കഞ്ചാവ്, എം.ഡി.എം.എ. ഉൾപ്പെടെ വീര്യംകൂടിയ ലഹരിവസ്തുക്കളാണെങ്കിൽ എന്തുചെയ്യണമെന്ന് ജില്ലാതലത്തിലുള്ള നർക്കോട്ടിക് ഡിസ്‌പോസൽ കമ്മിറ്റിയാണ് തീരുമാനിക്കുക. ജില്ലാ പോലീസ് മേധാവി അധ്യക്ഷനായുള്ള ഈ കമ്മിറ്റിയുടെ തീരുമാനപ്രകാരം നശിപ്പിക്കാറാണ് പതിവ്.