മരട് (കൊച്ചി): കാറും ലോറിയും ഇടിച്ച് യുവതി മരിച്ചു. അപകടസ്ഥലത്ത് രക്ഷകനായി എത്തി, പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ച് മടങ്ങിയ ഓട്ടോ ഡ്രൈവർ മറ്റൊരപകടത്തിലും മരിച്ചു. ശനിയാഴ്ച അതിരാവിലെ ഉണ്ടായ അപകടങ്ങൾ മരട് നിവാസികൾക്ക് തീരാനൊമ്പരമായി. ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂർ മണ്ണുത്തി നെല്ലിക്കുന്ന് വട്ടക്കിണറിന്‌ സമീപം മൂലംകുളം പരേതനായ വർഗീസിന്റെ മകൾ ജെനറ്റ് (ജോമോൾ -50) ആണ് മരിച്ചത്. ഇവരെ ആശുപത്രിയിൽ എത്തിച്ച് തിരിച്ചുവരുന്ന വഴി ഓട്ടോ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചാണ് ഡ്രൈവറായ തൃപ്പൂണിത്തുറ തെക്കുംഭാഗം കരിയാപറമ്പ് ‘നന്ദന’ത്തിൽ വാസുവിന്റെ മകൻ തമ്പി (58) മരിച്ചത്.

ശനിയാഴ്ച രാവിലെ ആറരയോടെയായിരുന്നു ആദ്യ അപകടം. കുണ്ടന്നൂർ ഭാഗത്തുനിന്ന് വന്ന കാറും പേട്ട ഭാഗത്തുനിന്ന് വന്ന ടോറസ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്ന രണ്ടുപേരെ രണ്ട് വാഹനങ്ങളിലായി ലേക്‌ഷോർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അതുവഴി ഓട്ടോയിൽ പോവുകയായിരുന്ന തമ്പി അപകടം കണ്ട് നിർത്തി പരിക്കേറ്റ ജോമോളെയും കൊണ്ട് വേഗം ആശുപത്രിയിലേക്ക് പോവുകയായിരുന്നു. തിരികെ വരുമ്പോൾ മരട് കൊട്ടാരം കവലയ്ക്ക് അടുത്തുവെച്ച് തമ്പിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി ഒാട്ടോ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു.

കാറപകടത്തിൽ മരിച്ച ജെനറ്റിന്റെ സഹോദരൻ സാംഗി വർഗീസ് (45) ഗുരുതരമായ പരിക്കുകളോടെ ലോക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലാണ്. ജെനറ്റും സാംഗിയും പുലർച്ചെ മൂത്ത സഹോദരിയുടെ മുളന്തുരുത്തിയിലെ വീട്ടിലേക്ക്‌്‌ സുഹൃത്തിന്റെ കാറുമായി പോകുന്നതിനിടെയായിരുന്നു അപകടം. സാംഗിയാണ് കാർ ഓടിച്ചിരുന്നത്. നടത്തറയിൽ മെഡിക്കൽ ഷോപ്പിലെ ഫാർമസിസ്റ്റായിരുന്നു ജെനറ്റ്. സഹോദരങ്ങൾ: കുഞ്ഞുമോൾ, ജോസ്, സുമോൾ ജോബി. ശവസംസ്കാരം തിങ്കളാഴ്ച 9.30-ന്‌ നെല്ലിക്കുന്ന് ബ്രദറൺ സഭാ സെമിത്തേരിയിൽ.

തൃപ്പൂണിത്തുറ സ്റ്റാച്യൂ ജങ്ഷൻ ഒാട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ് തമ്പി. ഭാര്യ: ഗിരിജ, മക്കൾ: ഗീതു, ശ്രുതി. മരുമകൻ: വിനീത്. ശവസംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിൽ.

Content Highlights: Two killed in different road accident in Ernakulam