ആറ്റിങ്ങൽ: ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന രണ്ടുപേർ മരിച്ചു. മൂന്നാമത്തെയാൾക്ക് ഗുരുതരമായി പരിക്കേറ്റു. ആറ്റിങ്ങൽ മുടപുരം ലാത്തറ വീട്ടിൽ ഷാജഹാന്റെ മകൻ ഷമീർ(34) , സതീഷ്(46) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നൗഷാദി(34)നെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്ന്‌ കൊല്ലത്തേക്കു പോയ സൂപ്പർ ഫാസ്റ്റ് ബസും എതിർദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. സ്ഥലത്തെത്തിയ പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്കാശുപത്രി മോർച്ചറിയിലേക്കു മാറ്റി.

Content Highlights: two killed in an accident in attingal, ksrtc bus collided with car