കാസർകോട്: പാറക്കട്ടയിലെ ജില്ലാ പോലീസ് ആസ്ഥാനത്തെ മൈതാനത്ത് പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി രണ്ടുപേർക്ക് പരിക്കേറ്റു. എ.ആർ. ക്യാമ്പിലെ സിവിൽ പോലീസ് ഓഫിസർ സുധാകരൻ, ജീവനക്കാരൻ കോളിയടുക്കം അണിഞ്ഞയിലെ പവിത്രൻ എന്നിവർക്കാണ് പരിക്കേറ്റത്. തദ്ദേശ തിരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായാണ് ജില്ലയിലെ മുഴുവൻ പോലീസുകാർക്കുമുള്ള പരിശീലനം പാറക്കട്ടയിൽ നടന്നത്.

രണ്ടുദിവസത്തെ പരിശീലനം വെള്ളിയാഴ്ച പൂർത്തിയായശേഷം പൊട്ടാത്ത ഗ്രനേഡുകൾ ശേഖരിക്കുന്നതിനിടെ രാവിലെ 9.30-ഓടെയാണ് അപകടം. രണ്ടുപേരുടെയും മുഖത്താണ് പരിക്ക്. സുധാകരനെ കോഴിക്കോട്ടെ സ്വകാര്യ ആസ്‌പത്രിയിലേക്ക് മാറ്റി.

ഡൈമാർക്കർ ഗ്രനേഡ്, ടിയർ സ്‌മോക്ക് ഗ്രനേഡ്, ടിയർ സ്‌മോക്ക് ഷെൽ, സ്റ്റേൺ സെൽ സ്റ്റേൺ ഗ്രനേഡ് തുടങ്ങിയ വിഭാഗത്തിലെ 485-ഓളം ഗ്രനേഡുകളാണ് പരിശീലത്തിൽ പ്രയോഗിച്ചത്. പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ച കാലാവധി കഴിഞ്ഞ മുഴുവൻ ഗ്രനേഡുകളും നശിപ്പിക്കുകയും പുതിയവ വിതരണം ചെയ്യുകയും ചെയ്തിരുന്നു.

 

Content Highlights: Two including one policeman got injured by granade blast