കൊച്ചി: പണിമുടക്കിനെത്തുടർന്ന് രണ്ടു ദിവസം തുടർച്ചയായി കേരളം നിശ്ചലമായാൽ അത് തിരിച്ചടിയാവുമോ എന്ന ആശങ്ക സി.പി.എമ്മിൽ ശക്തമാവുന്നു. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ നടത്താൻ പോകുന്ന 48 മണിക്കൂർ ദേശീയ പണിമുടക്കിനെച്ചൊല്ലി പാർട്ടിയിൽ താഴെത്തട്ടിൽ ആശയക്കുഴപ്പമുണ്ട്. ജനുവരി എട്ട്, ഒമ്പത്‌ തീയതികളിലെ പണിമുടക്ക് ഫലത്തിൽ ഹർത്താലായി മാറിയേക്കും. ഇത് സമൂഹത്തിൽ പാർട്ടിക്കും സർക്കാരിനും അവമതിപ്പുണ്ടാക്കുമെന്നാണ് പ്രവർത്തകർ ഭയക്കുന്നത്.

മോട്ടോർ തൊഴിലാളികളടക്കം താഴെത്തട്ടിലെ തൊഴിലാളികൾക്കിടയിൽ പണിമുടക്കിനെതിരേ പ്രതിഷേധമുയരുന്നുണ്ട്. ദിവസവേതനക്കാരുടെ ജീവിതത്തെ പണിമുടക്ക് സാരമായി ബാധിക്കുമെന്ന സംസാരവും പാർട്ടിക്കുള്ളിൽ നടക്കുന്നുണ്ട്. പണിമുടക്ക്‌ ആഹ്വാനവുമായി എത്തുന്ന തൊഴിലാളി യൂണിയൻ നേതാക്കളോട് ഓട്ടോറിക്ഷാ തൊഴിലാളികളും മറ്റും സ്റ്റാൻഡിൽവെച്ചു തന്നെ അതൃപ്തി അറിയിക്കുകയാണ്. രണ്ടു ദിവസം ഓട്ടോ ഓടാതിരിക്കുന്നതിലെ ബുദ്ധിമുട്ട് തൊഴിലാളികൾ നേതാക്കളോട് പരസ്യമായി തന്നെ പറയുന്നു. ബസ് തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കണമെന്ന് ആഹ്വാനമുണ്ട്. ഇത് ജനങ്ങളുടെ യാത്രയേയും ബാധിക്കും.

സമരം സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണെങ്കിലും പ്രചാരണ പ്രവർത്തനങ്ങളിൽ സി.ഐ.ടി.യുവാണ് മുന്നിൽ നിൽക്കുന്നത്. അതിനാൽ സമരത്തിന്റെ ഉത്തരവാദിത്വം പാർട്ടിക്കുമേൽ വന്നുവീഴുമെന്നതാണ് പ്രവർത്തകരെ അസ്വസ്ഥരാക്കുന്നത്. സംസ്ഥാന സർക്കാരിന് ഇത് ദോഷം ചെയ്യുമെന്ന അഭിപ്രായവും പാർട്ടിക്കുള്ളിലുണ്ട്.

സംസ്ഥാനത്ത് ഹർത്താൽ വിരുദ്ധ വിചാരം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. വ്യാപാരിസംഘടനകളുടെയും ടൂറിസം മേഖലയിലുള്ള വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ഹാർത്താലിനെതിരേ ജനവികാരം വളരുകയാണ്. ബി.ജെ.പി. തുടർച്ചയായി നടത്തിയ ഹർത്താലുകൾ പൊതുസമൂഹത്തിൽ അവർക്കെതിരേയുള്ള വികാരമാണ് ഉയർത്തിയതെന്നതും സി.പി.എമ്മിൽ ചർച്ചയാവുന്നുണ്ട്.

എന്നാൽ, മാസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച പണിമുടക്കിൽ നിന്ന് കേരളത്തിന് മാത്രം വിട്ടുനിൽക്കാൻ സാധിക്കില്ലെന്നാണ് നേതാക്കൾ നൽകുന്ന വിശദീകരണം. പ്രക്ഷോഭത്തിൽ ബി.എം.എസ്. ഒഴികെയുള്ള തൊഴിലാളി സംഘടനകൾ എല്ലാം ഉണ്ടെന്നതും അവർ എടുത്തുകാട്ടുന്നുണ്ട്. പാർട്ടി ഹർത്താൽ നടത്തുമ്പോൾ ചെയ്യുന്നതുപോലെ താഴേത്തട്ടിൽ ശക്തമായ പ്രവർത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. പഞ്ചയാത്തുതലത്തിൽ സ്‌ക്വാഡുകൾ ഇറങ്ങി, യാത്ര ഒഴിവാക്കണമെന്നും കടകമ്പോളങ്ങൾ അടച്ച് സഹകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തൊട്ടാകെ പോസ്റ്ററുകൾ പതിച്ചുകഴിഞ്ഞു. ജില്ലകളിൽ ഐക്യ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ പ്രചാരണ ജാഥകൾ നടന്നുകൊണ്ടിരിക്കുകയാണ്.

വിലയക്കയറ്റം തടയുക, പൊതുവിതരണം ശക്തിപ്പെടുത്തുക, വ്യവസായ സംരംഭകർക്ക് നൽകുന്ന ഉത്തേജക പാക്കേജുകളെ - ആനുകൂല്യങ്ങളെ തൊഴിലുമായി ബന്ധപ്പെടുത്തുക. തൊഴിൽനിയമങ്ങൾ കർശനമായി നടപ്പിലാക്കുക, അസംഘടിത തൊഴിലാളികൾക്ക് ദേശീയ സാമൂഹിക സുരക്ഷാനിധി രൂപവത്‌കരിക്കുക എന്നിങ്ങനെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് തൊഴിലാളി യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

content highlights: Two Days’ Countrywide General Strike on January 8-9