കാസർകോട്: പൗരത്വനിയമം, ദേശീയ പൗരത്വരജിസ്റ്റർ എന്നിവയ്ക്കെതിരേ ഒരുവിഭാഗം ചൊവ്വാഴ്ച ആഹ്വാനംചെയ്ത ഹർത്താൽ നിയമവിരുദ്ധമാണെന്ന് കാസർകോട് ജില്ലാ പോലീസ് മേധാവി. എസ്.ഡി.പി.ഐ., വെൽഫെയർ പാർട്ടി, ബി.എസ്.പി., കേരളാ മുസ്‌ലിം യുവജന ഫെഡറേഷൻ, സോളിഡാരിറ്റി, എസ്.ഐ.ഒ., ജനകീയ മനുഷ്യാവകാശപ്രസ്ഥാനം, പോരാട്ടം തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സംയുക്തയോഗ തീരുമാനമാണെന്നമട്ടിലാണ് ഹർത്താൽ ആഹ്വാനം പ്രചരിക്കുന്നത്.

ഹർത്താൽ നടത്താൻ ഉദ്ദേശിക്കുന്ന സംഘടന ഏഴുദിവസംമുമ്പ് നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. നിലവിൽ ഈ സംഘടനകളൊന്നും ഔദ്യോഗികമായി ഹർത്താലിന് ആഹ്വാനംചെയ്ത് നോട്ടീസ് നൽകിയിട്ടില്ല.

ചൊവ്വാഴ്ച കാസർകോട് ജില്ലയിൽ ഹർത്താൽ നടത്തുകയോ അനുകൂലിക്കുകയോ ചെയ്താൽ ഇതിന്റെ ഭാഗമായുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കുമുള്ള ഉത്തരവാദിത്വം ഈ സംഘടനകളുടെ ജില്ലാ നേതാക്കൾക്കായിരിക്കും. അവരുടെ പേരിൽ നിയമനടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ചൊവ്വാഴ്ച നടക്കുന്ന നഗരസഭാ, പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പുകളിൽ പൊതുജനങ്ങൾക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനും മറ്റും ഇത്തരം പ്രചാരണം തടസ്സംസൃഷ്ടിക്കാൻ സാധ്യതയുണ്ട്. അതിനാൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുകൂടി നേതാക്കൾ ഉത്തരവാദികളായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

Content Highlights:Tuesday's hartal is illegal-Police