തിരുവനന്തപുരം: സംസ്ഥാനത്ത് 52 ദിവസം നീളുന്ന ട്രോളിങ് നിരോധനം ചൊവ്വാഴ്ച അർധരാത്രി തുടങ്ങും. ജൂലായ് 31 വരെയാണ് നിരോധനം. സമുദ്ര മത്സ്യോത്‌പാദനം വർധിക്കാനും കടലിന്റെ ജൈവസന്തുലിതാവസ്ഥ സംരക്ഷിക്കാനുമായി നടത്തുന്ന ട്രോളിങ് നിരോധനവുമായി മത്സ്യത്തൊഴിലാളികളും ട്രേഡ് യൂണിയൻ-സന്നദ്ധ സംഘടനകളും സഹകരിക്കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അഭ്യർഥിച്ചു.

കഴിഞ്ഞവർഷത്തെ കണക്കനുസരിച്ച് 2016-17ൽ 4.88 ലക്ഷം ടണ്ണായിരുന്ന സമുദ്ര മത്സ്യോത്‌പാദനം 2019-20ൽ 6.09 ലക്ഷമായി കൂടി. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ട്രോളിങ് നിരോധനം നടപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചു. കടലിൽപ്പോയ എല്ലാ ബോട്ടുകളും ചൊവ്വാഴ്ച അർധരാത്രിക്കുമുമ്പ്‌ തിരിച്ചെത്തണം. ഇതരസംസ്ഥാന ബോട്ടുകൾ കേരളതീരം വിട്ടുപോകണം.

ട്രോളിങ് സമയത്തുള്ള പട്രോളിങ്ങിനും കടൽ സംരക്ഷണ പ്രവർത്തനങ്ങൾക്കുമായി 20 സ്വകാര്യ ബോട്ടുകൾ ഉപയോഗിക്കും. ഹാർബറുകളിലും ലാൻഡിങ് സെന്ററുകളിലുമുള്ള പെട്രോൾ ബങ്കുകളുടെ പ്രവർത്തനം ചൊവ്വാഴ്ച രാത്രി അവസാനിക്കും. ട്രോളിങ് പ്രവർത്തനങ്ങൾ ഏകീകരിക്കാനും സംരക്ഷണ പ്രവർത്തനങ്ങൾക്കുമായി മറൈൻ ആംബുലൻസ് ഉപയോഗിക്കുമെന്നും അവർ പറഞ്ഞു.