തിരുവനന്തപുരം: 90 വർഷത്തെ പാരമ്പര്യമുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വ്യാഴാഴ്ച മുതൽ അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള അദാനി ട്രിവാൻഡ്രം എയർപോർട്ട് ലിമിറ്റഡ് (എടിയാൽ) ഏറ്റെടുക്കും. അടുത്ത 50 വർഷത്തേക്കാണ് വിമാനത്താവളത്തിന്റെ നടത്തിപ്പും പരിപാലനച്ചുമതലയും അദാനി ഗ്രൂപ്പ് നിർവഹിക്കുക. രാജ്യത്തെ ആറുവിമാനത്താവളങ്ങൾ സ്വകാര്യവത്‌കരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന്റെ ഭാഗമായാണിത്‌.

ബുധനാഴ്ച അർധരാത്രി വിമാനത്താവളത്തിൽ നടക്കുന്ന ചടങ്ങിൽ എയർപോർട്ട് അതോറിറ്റിയുടെ ഉദ്യോഗസ്ഥർ അദാനി ഗ്രൂപ്പിന്റെ പ്രതിനിധികൾക്ക് രേഖകൾ കൈമാറി സ്വകാര്യവത്‌കരണ നടപടികൾ പൂർത്തിയാക്കും. പാട്ടക്കരാർ പ്രകാരം വിമാനത്താവളത്തിലെത്തുന്ന ഓരോ യാത്രക്കാരനും 168 രൂപ വീതം അദാനി ഗ്രൂപ്പ് എയർപോർട്ട് അതോറിറ്റിക്ക് നൽകും.

സംസ്ഥാന സർക്കാരിന്റെ കടുത്ത എതിർപ്പ് മറികടന്നാണ് വിമാനത്താവളം സ്വകാര്യ കമ്പനിക്ക് നൽകിയത്. വിമാനത്താവളം സംസ്ഥാനത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് സർക്കാരും സ്വകാര്യവത്‌കരണത്തിനെതിരേ ജീവനക്കാരും രംഗത്തുവന്നിരുന്നു. വിമാനത്താവളം സംസ്ഥാനത്തിന് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് നിയമസഭയും പ്രമേയം പാസാക്കിയിരുന്നു.

കൈമാറ്റ നടപടികളുടെ ഭാഗമായി അദാനി ഗ്രൂപ്പിന്റെ 45 ഉദ്യോഗസ്ഥർ കഴിഞ്ഞ ഓഗസ്റ്റ് 16 മുതൽ വിമാനത്താവളത്തിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. എയർ ട്രാഫിക് കൺട്രോൾ, കസ്റ്റംസ്, എമിഗ്രേഷൻ എന്നിവയ്ക്ക് പുറമേ പ്ലാന്റ് ആൻഡ് അനിമൽ ക്വാറന്റീൻ സർവീസ്, ആരോഗ്യവിഭാഗം, കാലാവസ്ഥാ വിഭാഗം, സുരക്ഷാ ഏജൻസികളുടെയും പ്രവർത്തനം തുടങ്ങിയവ വ്യോമയാന മന്ത്രാലയം ഉറപ്പാക്കും. സംസ്ഥാന സർക്കാരിന്റെ സഹകരണം ഉറപ്പാക്കുന്ന സ്റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്റ് ഒപ്പുവെച്ചിട്ടില്ലെങ്കിലും പ്രവർത്തനത്തിന് അത് തടസ്സമാകില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ വിലയിരുത്തൽ.

സ്വകാര്യവത്‌കരണത്തിനെതിരേ സംസ്ഥാന സർക്കാരും എയർപോർട്ട് ജീവനക്കാരും നൽകിയ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.