കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിനെ (28) ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മൃതദേഹം കണ്ടത്. വർഷങ്ങളായി ഈ ഫ്ളാറ്റിലാണ് അനന്യ താമസിക്കുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

കൊല്ലം പെരുമൺ സ്വദേശിയായ അനന്യ കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡലത്തിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർ‌ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. പാർട്ടിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് അവസാന നിമിഷം തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറുകയും ആരോപണവുമായി അനന്യ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

2020 ജൂണിൽ സ്വകാര്യ ആശുപത്രിയിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും ഇതുമൂലം ജോലി ചെയ്യാനാകുന്നില്ലെന്നും ശാരീരിക പ്രശ്നങ്ങൾ ഉണ്ടെന്നും സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അനന്യ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

മേക്കപ്പ് ആർട്ടിസ്റ്റായും അവതാരകയായും പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബുധനാഴ്ച ഉച്ചയോടെ ബന്ധുക്കൾക്ക് കൈമാറും.