കൊച്ചി: ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സ് (28) തൂങ്ങിമരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പോലീസിന് കൈമാറി. അനന്യയുടേത് ആത്മഹത്യ തന്നെയാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും പറയുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയനായ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും.

പോസ്റ്റ്‌മോർട്ടം നടത്തിയ എറണാകുളം മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ സംഘവുമായി ചർച്ച നടത്തിയ ശേഷമാകും പോലീസിന്റെ നടപടി. ആശുപത്രി അധികൃതരുടെ വിശദീകരണവും ഇതോടൊപ്പം രേഖപ്പെടുത്തും.

അനന്യയെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളാണ് പ്രധാനമായും അന്വേഷിക്കുക. അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയയിലെ പോരായ്മകളെക്കുറിച്ചും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വിവരങ്ങളുണ്ടെന്നാണ് സൂചന. ശസ്ത്രക്രിയ നടത്തിയ ഭാഗങ്ങളിൽ ഉണങ്ങാത്ത മുറിവുകളുണ്ടെന്ന് നേരത്തെതന്നെ ആരോപണങ്ങളുണ്ടായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ആശുപത്രിയിലെ രേഖകൾ ഡോക്ടർമാരുടെ വിദഗ്ദ്ധസംഘം പരിശോധിച്ചു. ഇതിന്റെ റിപ്പോർട്ടും പോലീസിന് കൈമാറിയിട്ടുണ്ട്.

ഒരുവർഷം മുന്നേ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയിൽ പിഴവുണ്ടായെന്ന് അറിയിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ അനന്യ രംഗത്തെത്തിയിരുന്നു.

അനന്യകുമാരി അലക്സിന്റെ പങ്കാളി ജിജു രാജിനെ വൈറ്റില തൈക്കൂടത്തെ സുഹൃത്തിന്റെ വാടക വീട്ടിൽ വെള്ളിയാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ജിജുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. അനന്യയുടെ വിയോഗത്തിൽ മനംനൊന്ത് ജിജു ആത്മഹത്യ ചെയ്തതാകുമെന്നാണ് പോലീസിന്റെ നിഗമനം. ചൊവ്വാഴ്ചയാണ് ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ അനന്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.