image
ഋത്വിക്കും തൃപ്തിയും

കൊച്ചി: മരണ ശേഷം ശരീരം മെഡിക്കൽ കോളേജിന് ദാനം ചെയ്യാൻ സമ്മതപത്രം നൽകി ട്രാൻസ്‌ജെൻഡർ ദമ്പതിമാർ. എറണാകുളം കടുങ്ങല്ലൂർ കോട്ടപ്പിള്ളി വീട്ടിൽ എം. ഋത്വിക്, ഭാര്യ തൃപ്തി ഷെട്ടി എന്നിവരാണ് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽനിന്ന് മരണാനന്തരം ശരീരം ദാനം ചെയ്യുമെന്ന് സമ്മതിച്ചത്. എറണാകുളം മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗത്തിന് ഇരുവരും സമ്മതപത്രം നൽകി.

’മരണ ശേഷം ശരീരങ്ങൾ പഠനത്തിനായി വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. ട്രാൻസ് വിഭാഗത്തെ കുറിച്ചു കൂടുതൽ പഠിക്കാനും ഗവേഷണത്തിനുമെല്ലാം ഇതിലൂടെ സാധിക്കും. പുരുഷൻ സ്ത്രീയായതും തിരിച്ചുമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്’ - തൃപ്തി പറഞ്ഞു. 2019 മുതൽ ഇരുവരുടെയും പരിശ്രമത്തിന്റെ ഫലമായാണ് ഇതിന് അനുമതി ലഭിച്ചതെന്ന് കെ.എൻ.ഒ.എസ്. അവയവദാന കോ-ഓർഡിനേറ്റർ പി.വി. അനീഷ് പറഞ്ഞു. അവയവദാനത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇരുവരും അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ സമീപിച്ചിരുന്നു. തുടർന്ന് മൃതസഞ്ജീവനിയുമായി ബന്ധപ്പെടുകയും ഓൺലൈനിൽ അപേക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ, സ്ത്രീ - പുരുഷ കോളങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ തന്നെ അവയവദാനം ചെയ്യണമെന്നതിനെ തുടർന്ന് ഇവർക്കായി സൈറ്റ് ശരിയാക്കി നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് 2020-ൽ അവയവദാന സമ്മതപത്രം ഇരുവരും സമർപ്പിച്ചത്. കഴിഞ്ഞ നാലിനാണ് എറണാകുളം മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗത്തിലെ ഡോ. സാൻോസ് ജോസഫിന്‌ സമ്മതപത്രം നൽകിയത്. മഞ്ചേശ്വരം സ്വദേശിനിയായ തൃപ്തിയും തിരുവനന്തപുരം സ്വദേശിയായ ഋത്വിക്കും വിവാഹ ശേഷം എറണാകുളത്താണ് താമസം.