തൃശ്ശൂർ: തീവണ്ടിയോട്ടം പഴയപടി ആയെങ്കിലും ജനറൽ ടിക്കറ്റുകൾ എടുക്കാനുള്ള ‘അൺറിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം’ (യു.ടി.എസ്.) എന്ന മൊബൈൽ അപ്പ് തിരിച്ചുവന്നില്ല.

സംസ്ഥാനത്തിനകത്ത് പകൽ ഓടുന്ന എല്ലാ തീവണ്ടികളിലും റിസർവേഷൻ വേണ്ടാത്ത യാത്ര അനുവദിച്ച സാഹചര്യത്തിൽ ആപ്പ് തിരിച്ചുകൊണ്ടുവരണമെന്ന് യാത്രക്കാരിൽനിന്ന് ആവശ്യമുയർന്നിട്ടുണ്ട്.

കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് ആപ്പിൽ ലിങ്ക് ചെയ്യുന്നതിലെ തടസ്സമാണ് റെയിൽവേ ഇക്കാര്യത്തിൽ പറയുന്നത്. എന്നാൽ, കൗണ്ടറുകളിൽനിന്ന് ടിക്കറ്റ് എടുക്കുമ്പോൾ നിലവിൽ വാക്‌സിൻ സർട്ടിഫിക്കറ്റ് ആരും ആവശ്യപ്പെടുന്നില്ല.

സ്റ്റേഷനുകളിലെ കൗണ്ടറുകളിൽ ജനറൽ ടിക്കറ്റ് എടുക്കാനുള്ള തിരക്ക് ഇപ്പോൾ കൂടിയിട്ടുണ്ട്. ആപ്പ് ഉണ്ടായിരുന്നെങ്കിൽ തിരക്ക് കുറയ്ക്കാൻ കഴിയുമായിരുന്നുവെന്ന് റെയിൽവേ ജീവനക്കാർ പറയുന്നു. ചെന്നൈ, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലെ സബർബൻ തീവണ്ടികളിലെ യാത്രയ്ക്കായി യു.ടി.എസ്. ആപ്പ് പുനഃസ്ഥാപിച്ചിട്ടുണ്ട്.

കേരളത്തിനകത്ത് ഓടുന്ന രാത്രിവണ്ടികളിലും അന്തസ്സംസ്ഥാന വണ്ടികളിലുമൊഴിച്ച് എല്ലാത്തിലും റിസർവേഷൻ ഇല്ലാത്ത യാത്ര അനുവദിച്ചിട്ടുണ്ട്.

Content Highlights: Trains UTS mobile app