കോട്ടയം: നാട്ടാനകൾക്ക് ഇത് നാടും നഗരവും കണ്ടുള്ള നടപ്പുകാലം. ആനകൾ നടക്കുന്നതിൽ എന്താണ് പുതുമയെന്ന് ചോദ്യംവരാം. ഇൗ നടപ്പിന് ഒരു പ്രത്യേകതയുണ്ട്. നീണ്ട ഇടവേളയ്ക്കുശേഷം പുറംലോകവുമായി സമ്പർക്കത്തിൽവരുന്ന ആനകളെ തിരക്കുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടുത്താനാണിത്. വെറ്ററിനറി ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് ഇൗ നല്ലനടപ്പ്.

ഒന്നരവർഷമായി തറികളിൽ മാത്രം കഴിയുന്ന ആനകളെ ഇനി ഉത്സവങ്ങൾക്കും പരിപാടികൾക്കും കൊണ്ടുപോകേണ്ടിവരും. കുറച്ച് ആനകൾ മാത്രമേ ഇക്കാലത്ത് പുറംലോകത്ത് പരിപാടികൾക്ക് പോയിട്ടുള്ളൂ. അതാകട്ടെ, വലിയ തിരക്കില്ലാത്ത കാലവുമായിരുന്നു.

പൊതു ഇടവുമായി അകന്നുകഴിഞ്ഞ ആനകളെ വീണ്ടും ആ ലോകവുമായി സമ്പർക്കത്തിലാക്കേണ്ടതുണ്ട്. നീണ്ട ഇടവേളകൾ ജനങ്ങളുമായി അകന്നുകഴിഞ്ഞാൽ പിന്നീട് ആനകൾക്ക് പരിഭ്രമവും മറ്റും വരാം. ഉത്സവസ്ഥലങ്ങളിൽ ആന ഇടയുന്നതിനുള്ള സാഹചര്യവും ഉണ്ടായേക്കാം. ഇത് ഒഴിവാക്കാനാണ്, തിരക്കുകുറഞ്ഞ സമയത്ത് ആനകളെ പൊതുവഴികളിലൂടെ നടത്താൻ നിർദേശിച്ചിരിക്കുന്നത്.

ഉൾവലിയാൻ പ്രവണതയുള്ള ജീവിയാണ് ആന. കാലങ്ങൾകൊണ്ട് മനുഷ്യരുമായി ഇടപഴകിയാണ് ആനകൾ ഏതു ബഹളത്തിലും ഇടയാതെ നിൽക്കാനുള്ള ചട്ടത്തിൽവരുന്നത്. സ്ഥിരം പാപ്പാന്റെ സാന്നിധ്യവും ഇക്കാര്യത്തിൽ പ്രധാനമാണ്.

കാട്ടിൽ 30 കിലോമീറ്റർവരെ ദിവസം നടക്കാറുള്ള ആനകൾക്ക് നാട്ടിൽ പണിയോ, എഴുന്നെള്ളിപ്പോ ഒക്കെ വ്യായാമവും നൽകിയിരുന്നു. അടച്ചിടൽവന്നതോടെ അതെല്ലാം നിലച്ചുപോയിട്ടുണ്ട്. ഇപ്പോഴത്തെ നടത്തം വ്യായാമം എന്ന നിലയിലും ആനകൾക്ക് ഗുണംചെയ്യും.

ഇടപഴകൽ പ്രധാനം

ആനകളുടെ മസ്തിഷ്കത്തിലെ ഹിപ്പോകാമ്പസ് എന്ന ഭാഗം ഏറെ വികസിതമാണ്. ഓർമകൾ ശേഖരിച്ചുവെയ്ക്കുന്ന ഇടമാണിത്. സ്ഥിരമായ ഇടപഴകലില്ലാതായാൽ ഇത് ശോഷിച്ചേക്കാം. അതുകൊണ്ടുതന്നെ ഉത്സവകാലത്തിന് പോകുംമുമ്പ് ആനകളെ സമൂഹത്തിൽ ഇടപഴകാൻ അനുവദിക്കണം. ഇതിൽത്തന്നെ പരിഭ്രമ സ്വഭാവമുള്ളവയെ ഏറെ ദിവസം പൊതു ഇടങ്ങളിൽ നടത്തേണ്ടതുണ്ട്.

- ഡോ. ടി.എസ്.രാജീവ്, അസോ. പ്രൊഫസർ, മേധാവി, ആനപഠന കേന്ദ്രം, വെറ്ററിനറി കോളേജ്, മണ്ണുത്തി.