പാലക്കാട്: തിരുവനന്തപുരം- കോട്ടയം- എറണാകുളം പാതയിൽ ഞായറാഴ്ച മുതൽ തീവണ്ടികൾ ഓടും. പാലക്കാട്-ഷൊർണൂർ റൂട്ടിൽ തീവണ്ടികൾ ഓടിത്തുടങ്ങി. പെരിയാർ നിറഞ്ഞൊഴുകുന്നതും നെല്ലായി റെയിൽവേ ട്രാക്കിലെ കേടുപാടുകൾ മാറ്റാനാകാത്തതും എറണാകുളം- ഷൊർണ്ണൂർ പാതയിലെ സർവീസ് പുനരാരംഭിക്കുന്നതിന് തടസ്സമായിട്ടുണ്ട്. ഇതുമൂലം തത്കാലം ദീർഘദൂര തീവണ്ടികൾ ഇതുവഴി സർവീസ് നടത്തില്ല.

യാത്രാക്ലേശം ഒഴിവാക്കാൻ കോട്ടയം വഴി ഹ്രസ്വദൂര താത്കാലിക തീവണ്ടികൾ ഓടിക്കും. ശനിയാഴ്ച പമ്പ, മണിമലയാറുകളിലെ ജലനിരപ്പ് താഴുന്നതിനെ തുടർന്നാണ് കോട്ടയം വഴി തീവണ്ടിയോടിക്കാൻ തീരുമാനിച്ചത്. ഇതിന് മുന്നോടിയായി സാങ്കേതിക വിഭാഗം പാളത്തിലും പാലങ്ങളിലും വിദഗ്ധർ പരിശോധന നടത്തി.

ശനിയാഴ്ച കേരളത്തിൽ 52 സർവീസുകൾ റദ്ദാക്കി.

ശനിയാഴ്ച പുറപ്പെടേണ്ട 37 ദീർഘദൂര വണ്ടികളും ഞായറാഴ്ച പുറപ്പെടേണ്ട മംഗലാപുരം-കൊച്ചുവേളി എക്സ്പ്രസും (16356) ഉൾപ്പെടുന്നു.

* ഈറോഡ് ഭാഗത്തേക്കുള്ള സർവീസുകൾ നാഗർകോവിൽ വഴിയും മറ്റുപല ദീർഘദൂര സർവീസുകൾ പ്രശ്നം ബാധിക്കാത്ത പ്രധാനസ്റ്റേഷനുകൾ വരെയുമാക്കി ക്രമീകരിച്ചു.

* പാലക്കാട് -ഷൊർണൂർ റൂട്ടിൽ തീവണ്ടികൾ ഓടിത്തുടങ്ങി. തിരൂരിൽനിന്ന് മംഗളൂരു വരെയും പാത സജ്ജമായി. ഷൊർണൂരിനും തിരൂരിനും പള്ളിപ്പുറം ഭാഗത്ത് പാളം വെള്ളത്തിലാണ്.

* പെരിയാറിലെ ജലനിരപ്പ് ആലുവ- അങ്കമാലി ഭാഗത്ത് അപകടകരമായ രീതിയിൽ തുടരുന്നതിനാൽ എറണാകുളം-ഷൊർണൂർ പാതയിൽ തീരുമാനമായില്ല.

* ഒല്ലൂരിനു സമീപം നെല്ലായിയിൽ വെള്ളം കയറി പാളം ഒലിച്ചുപോയത് ശനിയാഴ്ച രാത്രി പൂർവസ്ഥിതിയിലാക്കി.

* തിരുവനന്തപുരം-ആലപ്പുഴ- എറണാകുളം പാതയിൽ പ്രത്യേക പാസഞ്ചറുകൾ ഉൾപ്പെടെയുള്ള തീവണ്ടികൾ ഓടുന്നുണ്ട്. പ്രതിദിന തീവണ്ടികളായ ജനശതാബ്ദി, ഇന്റർസിറ്റി എന്നിവ ശനിയാഴ്ച രാവിലെയും വൈകീട്ടും ഓടി. പാസഞ്ചർ തീവണ്ടി സർവീസ് ഞായറാഴ്ച തുടരും.

* കായംകുളം-തിരുവനന്തപുരം പാതയിൽ വഞ്ചിനാട് എക്സ്പ്രസ്സ് ഓടി.

* കൊങ്കൺ തീവണ്ടികൾ ഒഴിച്ചുള്ള ദീർഘദൂര തീവണ്ടികൾ നാഗർകോവിൽ പാതയിലൂടെ തിരിച്ചുവിട്ടു. നാഗർകോവിൽ-തിരുനെൽവേലി- മധുരൈ-ഡിണ്ടിഗൽ വഴി സ്ഥിരം പാതയായ ഈറോഡിൽ എത്തിച്ചാണ് സർവീസ്. തിരുവനന്തപുരം-ഇൻഡോർ അഹല്യനഗരി എക്സ്പ്രസ്, ശബരി എക്സ്പ്രസ്, കൊച്ചുവേളിയിൽനിന്ന് ആലപ്പുഴ വഴി പോകേണ്ടിയിരുന്ന ബെംഗളൂരു എക്സ്പ്രസ് ന്യൂഡൽഹിയിലേക്കുള്ള കേരള എക്സ്പ്രസ് എന്നിവ ഈ റൂട്ടിൽ സർവീസ് നടത്തി. കന്യാകുമാരിയിൽനിന്നുള്ള മുംബൈ എക്സ്പ്രസ്, ബെംഗളൂരു എക്സ്പ്രസ് എന്നിവ തിരുവനന്തപുരത്തേക്കുള്ള യാത്ര ഒഴിവാക്കി നാഗർകോവിലിൽ നിന്ന് തിരുനെൽവേലി വഴി തിരിച്ചുവിട്ടു.

* ചെന്നൈ എഗ്മൂർ-ഗുരുവായൂർ എക്സ്പ്രസ് എറണാകുളത്ത് യാത്ര അവസാനിപ്പിച്ചു.

* ബെംഗളൂരിൽനിന്നുള്ള എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് കോയമ്പത്തൂർവരെ മാത്രമേ ഓടുന്നുള്ളൂ. ആലപ്പി ധൻബാദ് എക്സ്പ്രസ് ചെന്നൈയിൽ നിന്നും ആരംഭിക്കുന്നവിധത്തിൽ ക്രമീകരിച്ചു. തിരുവനന്തപുരം നിസാമുദീൻ രാജധാനി എക്സ്പ്രസും കൊച്ചുവേളിയിൽനിന്നുള്ള ചണ്ഡീഗഡ് സമ്പർക്ക്ക്രാന്തി എക്സ്പ്രസും മംഗലാപുരത്തുനിന്ന് യാത്ര ആരംഭിച്ചു. എറണാകുളം-പട്‌ന എക്സ്പ്രസ് കോയമ്പത്തൂരിൽ നിർത്തി തിരികെ മടങ്ങി.

റദ്ദാക്കിയ സർവീസുകൾ

* എറണാകുളം-നിസാമുദ്ദീൻ എക്സ്പ്രസ് * ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് * മംഗലാപുരം -നാഗർകോവിൽ പരശുറാം എക്സ്പ്രസ് തുടങ്ങിയ 14 എക്സ്പ്രസ് തീവണ്ടികളും 24 പാസഞ്ചർ/മെമു തീവണ്ടികളുമാണ് ശനിയാഴ്ച പൂർണമായും റദ്ദാക്കിയത്. ഞായറാഴ്ച പുറപ്പെടേണ്ട മംഗലാപുരം -ചെന്നൈ എക്സ്പ്രസ് (12686) മംഗലാപുരത്തിനും പാലക്കാടിനും ഇടയിലും തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസ് (12696) തിരുവനന്തപുരത്തിനും പാലക്കാടിനും ഇടയിലും ആലപ്പി-ചെന്നൈ എക്സ്പ്രസ് (22640) ആലപ്പുഴയ്ക്കും കോയമ്പത്തൂരിനും ഇടയിലും ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് (13352) ആലപ്പുഴയ്ക്കും ചെന്നൈയ്ക്കും ഇടയിലും എറണാകുളം-ലോക്മാന്യ തിലക് തുരന്തോ എക്സ്പ്രസ്(12224) എറണാകുളത്തിനും കോഴിക്കോടിനും ഇടയിലും സർവീസ് റദ്ദാക്കി. 28 എക്സ്‌പ്രസ് സർവീസുകളും 24 പാസഞ്ചർ/ മെമു സർവീസുകളും

ഞായറാഴ്ച പുറപ്പെടേണ്ട പാലക്കാട്-തിരുനൽവേലി പാലരുവി എക്സ്പ്രസും (16792) റദ്ദാക്കിയതിൽ ഉൾപ്പെടുന്നു

ശനിയാഴ്ച പുറപ്പെടേണ്ടിയിരുന്ന മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസ്, മംഗലാപുരം- തിരുവനന്തപുരം മലബാർ എക്‌സ്പ്രസ്, മംഗലാപുരം-കച്ചേഗുഡ എക്സ്പ്രസ്, മംഗലാപുരം-ചെന്നൈ എക്സ്പ്രസ്, ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ്, കണ്ണൂർ-യശ്വന്ത്പുർ എക്സ്പ്രസ് എന്നിവയും സർവീസ് റദ്ദാക്കി.

പരിശോധനയ്ക്ക് മുങ്ങൽ വിദഗ്ധർ

ചെന്നൈയിൽനിന്ന് ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ (പാലം) നേതൃത്വത്തിൽ രണ്ട് വിദഗ്ധ സംഘം തിരുവനന്തപരം, പാലക്കാട് ഡിവിഷനിലെ പ്രശ്നബാധിത മേഖലകളിലെ പാലങ്ങൾ പരിശോധിച്ചു. മുങ്ങൽ വിദഗ്ധരുൾപ്പെടെയുള്ള സംഘമാണ് എത്തിയത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചാലേ വെള്ളം കുത്തിയൊലിച്ച പാളങ്ങളിലൂടെ തീവണ്ടി ഓടിക്കാനാവൂ.

സ്റ്റേഷനുകളിൽ പണമില്ല; 29 വരെ ടിക്കറ്റ് റദ്ദാക്കാം

വെള്ളപ്പൊക്കത്തെത്തുടർന്ന് റദ്ദാക്കിയ തീവണ്ടികളുടെ ടിക്കറ്റിന് നൽകാൻ റെയിൽവേ സ്റ്റേഷനുകളിൽ പണമില്ല. പ്രളയം കാരണം കല്യാണം, ശബരിമല തീർഥാടനം, അവധിക്കാല വിനോദ യാത്ര തുടങ്ങിയവ മുടങ്ങിയവർ കൂട്ടത്തോടെ ടിക്കറ്റ് റദ്ദാക്കാൻ എത്തിയതും പുതിയ റിസർവേഷനുകൾ ഇല്ലാത്തതുമാണ് കാരണം. ഓഗസ്റ്റ് 15 മുതൽ 21 വരെയുള്ള വണ്ടികളുടെ റദ്ദാക്കിയ നിരക്ക് കൗണ്ടർ വഴി 22 മുതൽ 29 വരെ കിട്ടുമെന്ന് റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു.