തൃശ്ശൂർ: തിരുവനന്തപുരം, പാലക്കാട് റെയിൽവേ ഡിവിഷനുകളിൽ ടി.ടി.ഇ.മാർക്ക് കോവിഡ് വാക്‌സിൻ നൽകുന്നതിൽ അലംഭാവം. ടി.ടി.ഇ. മാർക്കിടയിൽ കോവിഡ് വ്യാപനം കൂടി വരികയും ചെയ്യുന്നു. കഴിഞ്ഞ ദിവസം എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ 17 ടി.ടി.ഇ.മാർക്കും നോർത്തിലെ നാലു പേർക്കും ഒരുമിച്ച് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് സംഭവത്തിന്റെ ഗൗരവം പുറത്തു വന്നത്. പ്രശ്‌നം ഗുരുതരമായെന്ന് കണ്ടപ്പോൾ സംസ്ഥാന സർക്കാർ ഇടപെട്ട് ടി.ടി.ഇ.മാർക്ക് വാക്‌സിൻ നൽകിത്തുടങ്ങിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി. ഡ്രൈവർമാർക്കും ടി.ടി.ഇ.മാർക്കും വാക്‌സിൻ നൽകാനുള്ള പ്രത്യേക പരിപാടി ബുധനാഴ്ചയാണ് തുടങ്ങിയത്. ഇത് ഏഴു ദിവസം തുടരും.

തീവണ്ടികൾ ഓടിത്തുടങ്ങിയപ്പോൾ പാലക്കാട് ഡിവിഷനിൽ കൂട്ടത്തോടെ കോവിഡ് റിപ്പോർട്ട് ചെയ്ത സംഭവത്തിന് ശേഷം ഗുരുതരമായ സ്ഥിതിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള ടി.ടി.ഇ.മാരിൽ ആറ് പേർക്കും കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിലായി 11 പേർ നിലവിൽ പോസിറ്റീവാണ്. പാലക്കാട് ഡിവിഷനിൽ 41 പേർക്കും തിരുവനന്തപുരം ഡിവിഷനിൽ 17 പേർക്കും കോവിഡ് വന്നു പോയി. എറണാകുളത്ത് ടി.ടി.ഇ.മാരുടെ വിശ്രമമുറിയിൽ നിന്നാണ് കോവിഡ് പടർന്നതെന്നാണ് റിപ്പോർട്ട്. ഇവിടെ കൃത്യമായി അണുമുക്തമാക്കുകയോ കിടക്കവിരി മാറ്റുകയോ ചെയ്യാറില്ലെന്ന് ടി.ടി.ഇ.മാരുടെ സംഘടന ആരോപിക്കുന്നു.

ജീവനക്കാർക്ക് കോവിഡ് വാക്‌സിൻ എടുക്കണമെന്ന് റെയിൽവേ ബോർഡ് ഉത്തരവിറക്കിയതാണ്. ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള പെരമ്പൂരിലെ റെയിൽവേ ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ നിന്ന് എല്ലാ ഡിവിഷനിലേക്കും സർക്കുലർ അയയ്ക്കുകയും െചയ്തിരുന്നു. ഇതിൽ സ്റ്റേഷൻ മാസ്റ്റർമാർ, ഗാർഡുമാർ, കാബിൻമെൻ, ലോക്കോപൈലറ്റ്, ലോക്കോ ഇൻസ്‌പെക്ടർമാർ, കൊമേഴ്‌സ്യൽ, മെഡിക്കൽ, സെക്യൂരിറ്റി ജീവനക്കാർ എന്നിവർക്ക് വാക്‌സിൻ എടുക്കാനുള്ള സൗകര്യം ചെയ്യണമെന്നാണ് നിർദേശം. എന്നാൽ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ സ്റ്റേഷൻ മാസ്റ്റർമാർ, ആർ.പി.എഫ്., ലോക്കോപൈലറ്റുമാർ എന്നിവരെ മാത്രമാണ് വാക്‌സിൻ എടുക്കാനുള്ള മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയത്.

യാത്രക്കാരുമായി ഇടപെടുന്ന ജീവനക്കാർ എന്ന നിലയിൽ ഇവരെ ഉൾപ്പെടുത്തിയപ്പോഴാണ് ടി.ടി.ഇ.മാരെ വിട്ടുകളഞ്ഞത്. ടി.ടി.ഇ.മാരെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് സതേൺ റെയിൽവേ മസ്ദൂർ യൂണിയന്റെ ടി.ടി.ഇ. കൗൺസിൽ എന്ന സംഘടന ആറു തവണ ഡിവിഷനുകളിലെ അധികാരികൾക്ക് കത്തു നൽകിയെങ്കിലും പരിഗണിച്ചില്ല.

Content Highlights: train ticket checker, covid vaccine