nurses returnsകൊച്ചി: നിറവയറോടെയും കുഞ്ഞുമക്കളെ നെഞ്ചോടുചേർത്തും തള്ളിനീക്കിയ ഒരു പറ്റം നഴ്‌സുമാരുടെ അനിശ്ചിതത്വത്തിന്റെ ദിനങ്ങൾക്കാണ് ആ സൂര്യോദയം അന്ത്യംകുറിച്ചത്. തിങ്കളാഴ്ച വെളുപ്പിനാണ് റിയാദിൽനിന്നുള്ള സ്‌പൈസ് ജെറ്റ് പ്രത്യേക ചാർട്ടേഡ് 176 യാത്രക്കാരുമായി നെടുമ്പാശ്ശേരിയിലെത്തിയത്.

ഗൾഫിലെ പല സ്ഥലങ്ങളിൽ ലോക്ഡൗൺമൂലം കുടുങ്ങിയ നഴ്‌സുമാരെയാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യു.എൻ.എ.) നേതൃത്വത്തിൽ നാട്ടിലെത്തിച്ചത്. വിമാനത്തിൽ 160 നഴ്‌സുമാരും 11 നവജാതശിശുക്കളും പ്രായാധിക്യമുള്ള അഞ്ചുപേരുമാണുണ്ടായിരുന്നത്. ഇതിൽ 50 പേർ ഗർഭിണികളായിരുന്നു.

വന്ദേഭാരത് മിഷനിൽ നാട്ടിലേക്കെത്താൻ അവസരം ലഭിക്കാതിരുന്നവരാണിവർ. യു.എൻ.എ. പ്രസിഡന്റ് ജാസ്മിൻഷായുടെ നേതൃത്വത്തിൽ, ഷോബി ജോസഫ്, ജിതിൻ ലോഹി എന്നിവരടങ്ങിയ സംഘമാണ് ഇതിനു മുൻകൈയെടുത്തത്. പിന്തുണയുമായി ആവാസ് എന്ന സന്നദ്ധസംഘടനയുമുണ്ടായിരുന്നു. വാട്‌സാപ്പിലൂടെയാണ് നാട്ടിലേക്കെത്തേണ്ട നഴ്‌സുമാരെ കണ്ടെത്തിയത്. മാർച്ച് മാസത്തോടെ കാലാവധി അവസാനിച്ചും ജോലി രാജിവെച്ച് തിരിച്ചുവരാനും ഇരുന്നവരാണ് സംഘത്തിൽ ഏറെയും.

യാത്രയ്ക്ക് തീരുമാനിച്ച ഗർഭിണികളിൽ രണ്ടുപേർ പ്രസവിച്ചതോടെ യാത്ര റദ്ദാക്കേണ്ടി വന്നു. തൃശ്ശൂർ, എറണാകുളം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കാസർകോട് മേഖലകളിൽനിന്നുള്ളവരാണ് കൂടുതലായും യാത്രയിലുണ്ടായിരുന്നത്. കൊച്ചി വിമാനത്താവളത്തിലെത്തിയവർ നിലവിൽ വീടുകളിൽ നിരീക്ഷണത്തിലാണ്.

വീടുകളിൽ അസൗകര്യമുള്ളവരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിലും പ്രവേശിപ്പിച്ചിട്ടുണ്ട്.