ആലപ്പുഴ: ഗതാഗതനിയമലംഘനങ്ങൾക്ക് ഇനി വലിയ വിലനൽകേണ്ടിവരും. റോഡിൽ തോന്നിയ പോലെ വാഹനവുമായി ഇറങ്ങിയാൽ പോക്കറ്റ് കാലിയാകും. ജനങ്ങളെ ഇത്‌ സരസമായി പറഞ്ഞ് മനസ്സിലാക്കാൻ രംഗത്തിറങ്ങിയിരിക്കുകയാണ് മോട്ടോർവാഹന വകുപ്പ്.

ഗതാഗതനിയമങ്ങളും ശിക്ഷകളും കർശനമാക്കുന്ന പുതിയരീതിയിൽ, നിയമലംഘനങ്ങൾക്ക് വലിയ പിഴയാണ് അടയ്ക്കേണ്ടിവരിക. വിവിധ നിയമലംഘനങ്ങളുടെ പിഴകൾ എത്രയാണെന്ന് കാണിക്കുന്ന ബോർഡുകൾ സ്ഥാപിച്ചാണ് ബോധവത്കരണത്തിന്റെ ആദ്യഘട്ടം.

സംസ്ഥാനത്ത് ആദ്യമായി ആലപ്പുഴയിലാണ് ഇത്തരത്തിലൊരു ബോധവത്കരണത്തിന് തുടക്കമിട്ടിരിക്കുന്നത്. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി ജനത്തിരക്കേറിയതും ആളുകൾ കൂടുതൽ എത്തുന്നതുമായ സ്ഥലങ്ങളിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.

പുതുക്കിയ പിഴകളെക്കുറിച്ച് പലർക്കും വലിയ ധാരണയില്ല. ജനങ്ങൾക്ക് സുരക്ഷിതവും സുഖകരവുമായ യാത്ര ഒരുക്കുന്നതിനാണ് നിയമപ്രാബല്യത്തിനുമുന്നേ മോട്ടോർവാഹനവകുപ്പ് പ്രചാരണവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. രണ്ടാംഘട്ടത്തിൽ റസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബശ്രീ എന്നിവയെക്കൂടി പങ്കെടുപ്പിച്ചാവും ബോധവത്കരണ പരിപാടികൾ. വിദ്യാർഥികൾക്കിടയിൽ ബോധവത്കരണം നടത്തുന്നതിന് സ്കൂളുകൾ കേന്ദ്രീകരിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കും.

അടുത്തമാസം നിയമം പ്രാബല്യത്തിലാകുമെന്നാണ് അധികൃതർ കരുതുന്നത്. അതിനാൽ എല്ലാവിധ മുന്നൊരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. കൃത്യമായ പരിശോധനകൾക്കായി ഓരോ ജില്ലയിലും 100 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നടപടി മുന്നോട്ടുപോവുകയാണ്.

ഗതാഗത നിയമലംഘനത്തിന്റെ കുറഞ്ഞ പിഴശിക്ഷ നൂറിൽനിന്ന് 500 രൂപയാക്കി. പരമാവധി പിഴ 10,000 രൂപ. ലൈസൻസില്ലാതെ വാഹനമോടിച്ചാലുള്ള പിഴ അഞ്ഞൂറിൽനിന്ന് 5000 രൂപയാക്കി. സീറ്റ്‌ ബെൽറ്റ് ധരിച്ചില്ലെങ്കിൽ ആയിരം രൂപയാണ് പുതിയ പിഴ. മദ്യപിച്ച്‌ വാഹനമോടിച്ചാൽ 2000 രൂപ പിഴ എന്നത് ഇനി 10,000 രൂപയാവും.