തിരുവനന്തപുരം: കേന്ദ്ര മോട്ടോർവാഹന നിയമപ്രകാരം നിശ്ചയിച്ച പിഴത്തുക കുറയ്ക്കാൻ സംസ്ഥാനത്തിന് പരിമിതമായ അധികാരംമാത്രം. കുറഞ്ഞ നിരക്കിനെക്കാൾ പിഴ ഉയർത്തിയ ഏതാനും ഇനങ്ങളിൽമാത്രമാണ് ഇളവിന് സാധ്യത. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുന്നതടക്കം ശക്തമായ വിമർശനം ഉയർന്ന കേസുകളിലൊന്നും പിഴ കുറയാനിടയില്ല. ഇതുസംബന്ധിച്ച് ഗതാഗത സെക്രട്ടറി തയ്യാറാക്കിയ റിപ്പോർട്ട് തിങ്കളാഴ്ച സർക്കാരിന് സമർപ്പിക്കും. മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതല യോഗം ഇത് പരിശോധിക്കും.

കേന്ദ്രനിയമത്തിൽ ഗതാഗത നിയമലംഘനങ്ങൾക്ക് കുറഞ്ഞ പിഴ മുതൽ പരമാവധി ഈടാക്കേണ്ടതുവരെ നിർദേശിച്ചിട്ടുണ്ട്. ഇൗ മാനദണ്ഡമില്ലാത്ത മൂന്നോ നാലോ ഇനങ്ങളിൽമാത്രമേ സംസ്ഥാന സർക്കാരിന് കുറഞ്ഞ പിഴ നിശ്ചയിക്കാനാകൂ. ഈ പ്രതിസന്ധി മറികടക്കാനാകുമോ എന്നും സംസ്ഥാന സർക്കാർ അന്വേഷിക്കുന്നുണ്ട്. കേന്ദ്രനിയമത്തിന് എതിരായ നടപടികൾക്ക് നിയമസാധുത ലഭിക്കില്ലെന്ന നിയമോപദേശം അനൗദ്യോഗികമായി കിട്ടിയിട്ടുണ്ട്.

സംസ്ഥാനത്തിന് പിഴ കുറയ്കാനാകുന്നവ

ലൈറ്റ് മോട്ടോർ വാഹനങ്ങളിൽ അമിതവേഗതയ്ക്ക് 1000 മുതൽ 2000 വരെയാണ് കേന്ദ്രനിയമത്തിൽ പിഴ. ഇതിൽ സംസ്ഥാനം 1500 രൂപയാണ് പിഴ നിശ്ചയിച്ചത്. ഇത് കുറഞ്ഞ നിരക്കായ 1000-ത്തിലേക്ക് കുറയ്ക്കാനാകും.

* അപകടകരമായ ഡ്രൈവിങ്ങിന് 1000-നും 5000-നും ഇടയിൽ പിഴ ഈടാക്കാം

* 3000 രൂപയാണ് സംസ്ഥാനം നിശ്ചയിച്ച കോമ്പൗണ്ടിങ് ഫീസ്. ഇതിലും കുറവ് വരുത്താനാകും

* ശാരീരിക അവശതകളുള്ള സമയത്ത് വാഹനമോടിക്കുന്നതിന് 500 മുതൽ 2000 രൂപവരെയാണ് കേന്ദ്രം നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ 1000 രൂപ ഈടാക്കാനാണ് സംസ്ഥാനം തീരുമാനിച്ചത്. ഇത് കുറഞ്ഞ നിരക്കായ 500 രൂപയിലേക്ക് താഴ്ത്താനാകും.